Sunday, 7 June 2020

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.



 ആഗ്നസ് മറിയ ആന്റണി 
agnusmaria007@gmail.com


അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാര്യങ്ങൾ എന്ന് പറഞ്ഞാൽ അറിയാമല്ലോ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചേ കാര്യങ്ങൾ നടക്കൂ. അങ്ങനെ ഒരു ആനുകൂല്യ പട്ടികയിൽ കേറിപറ്റാനുള്ള പരിപാടി ആണ്. "അംഗവൈകല്യം"...?   "ഇല്ല "
പ്രായാധിക്യം..?   ആയിട്ടില്ല
വൈധവ്യം..?    ഇല്ല
ഗർഭം..?  ഇല്ലേയില്ല
മാനസിക വൈകല്യം..?    ശ്രമിക്കാം


കാഴ്ച്ചയിൽ ഭ്രാന്തനെന്നു പണ്ടേ പേരുണ്ട് ; ബാക്കി കയ്യിന്നിട്ട് ഒപ്പിക്കാം എന്നൊരു ധാരണയിൽ പഞ്ചായത്ത്‌ ആപ്പീസിലേക്ക് വച്ചു പിടിച്ചു. വേണമെങ്കിൽ ഈയൊരു മാനസികാവസ്ഥയെ ഒന്ന് പൊലിപ്പിച്ചെഴുതാം, ഉപമ ഉൽപ്രേക്ഷ അലങ്കാരങ്ങളെല്ലാം തലച്ചോറിൽ ഓരുകൂടിതുടങ്ങിയപ്പോളാണ് ഞെട്ടിക്കുന്ന ഒരു സംഗതി കണ്ണിൽപെട്ടത്. പഞ്ചായത്ത്‌ ആപ്പീസ്ന്ന് തുടങ്ങിയ ഭ്രാന്തൻമാരുടെ നിര ഇങ്ങു പ്രാന്തൻ മുത്തപ്പന്റെ കുരിശുപള്ളിയിൽ വരെ നീളുന്നു..ഇതൊരു  ഇരുന്നൂറു  മീറ്ററെങ്കിലും  ദൂരം വരുമെന്നാണ് എന്റെ ഊഹം. ശേ.. ഇത് കണ്ടിട്ട് തന്നെ ഭ്രാന്താകുന്നല്ലോ. ഈ നാട്ടിൽ ഇത്രയധികം ഭ്രാന്തൻമാരോ. ഒരു വെറൈറ്റി പിടിക്കാമെന്നു കരുതിയാലും നടക്കില്ലല്ലോ. കുറെ അവന്മാരൊക്കെ വെറുതെ വന്നതാരിക്കും. എല്ലാടത്തും കാണുമല്ലോ ആൾകൂട്ടം സൃഷ്ടിക്കാൻ കുറേ കഥയില്ലാത്തവൻമാർ ...ഞാൻ ഈ രണ്ട് ഗണത്തിലും പെടില്ലകേട്ടോ, സാഹചര്യവശാൽ ഞാൻ അങ്ങനെ അഭിനയിക്കുക ആണ്. എങ്ങനെ അഭിനയിക്കണം ഭ്രാന്തനെന്നോ, ആൾകൂട്ടത്തിൽ ഒരുവനെന്നോ?
       ഹും.. ആൾകൂട്ടത്തിൽ ഒരുവനോ എന്റെ പട്ടി..... വേണ്ട പാവം പട്ടി എന്തു പിഴച്ചു.. ആൾകൂട്ടത്തിൽ ഏതവനാണ്‌ നായകൻ, അല്ലേൽ ആൾകൂട്ടത്തിൽ എല്ലാവരും നായകന്മാർ അല്ലെ ... ഓ... അങ്ങനെ സങ്കല്പത്തിലെ നായകത്തം ഒന്നും  കല്പിച്ചു തരേണ്ട. ഈ കഥയിൽ ഒരു ഭ്രാന്തനാണ് നായകൻ അത് ഞാൻ തന്നെ, കഥയിലെങ്കിലും....
            ഇപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപെട്ടത് അര വട്ടന്മാർ മുഴുവട്ടന്മാർക്ക് വഴി മാറി കൊടുക്കുന്നുണ്ട്. അത് കൊള്ളാം, നീതി-ന്യായ ബോധമുള്ള ഭ്രാന്തൻമാർ.   പക്ഷെ ഞാൻ ചെന്നപ്പോൾ ആരും വഴി മാറി തന്നൊന്നുമില്ലകേട്ടോ.. അതെ ഞാൻ ആദ്യേ പറഞ്ഞില്ലേ എനിക്ക് ഭ്രാന്തില്ലെന്ന് ;അതവന്മാർക്ക് മനസായിലായി. ആഹാ ഇവനൊക്കെ ഭ്രാന്താണെന്ന് ആര് പറഞ്ഞു.. നല്ല ബുദ്ധിയുള്ള ഭ്രാന്തന്മാർ...
  അല്ലേലും ഈ ഭ്രാന്തന്മാരൊക്കെ വേറെ ലെവലാണ്..
  ഭ്രാന്തന്റെ പിച്ചചട്ടിയിൽ എന്നും ചൂട്ചോറ്
ഭ്രാന്തനെ പ്രേമിക്കാനുള്ള പെണ്ണുങ്ങളുടെ ഭ്രാന്ത്
ഭ്രാന്തനെ സഹായിക്കാനുള്ള നാട്ടുകാരുടെ ഭ്രാന്ത്
ഭ്രാന്തന്റെ പുലമ്പുകൾക്ക് അവൻപോലും കാണാത്ത അർഥങ്ങൾ, അംഗീകാരങ്ങൾ....
ഭ്രാന്തന് എന്തും കുടിക്കാം, എന്തും പൊകക്കാം, എത്ര വേണേലും ജനിപ്പിക്കാം, ആരെ വേണേലും കൊല്ലാം.... ആഹാ പരമസുഖമേ... !!!
പിന്നെ ഈ വൃത്തികെട്ട ലുക്ക്‌ മെന്റൈൻ ചെയ്യണം.. ഓ പിന്നേയ് ഇത്രെയൊക്കെ സൗഭാഗ്യത്തിനായി അത്രേം എങ്കിലും സഹിക്കണ്ടേ. ഇതൊന്നുമില്ലാതെതന്നെ എന്തെല്ലാം സഹിക്കുന്നു..

അങ്ങനെ ആകെമൊത്തം സുഖൊള്ള ഒരേർപ്പാട് കണ്ടെത്തിയ നിർവൃതിയിൽ അങ്ങനെ നിൽ ക്കുമ്പോ മറ്റൊരു ചിന്ത.. നാശംപിടിക്കാൻ, അതെപ്പോഴും അങ്ങനെ ആണല്ലോ എന്തേലും ഒരു വഴി തെളിയിച്ചുവരുമ്പോൾ ഒടക്ക്  പറയുന്നത് ഒരു സ്ഥിരം പരിപാടിആണ്...
    "ഒടക്കല്ല.. വരും വരായ്ക പറയണോല്ലോ.." അവസാന ചാൻസ് ആണ് ഇനിയും എന്റെ വഴി മുടക്കാൻ നിന്നാൽ തലച്ചോറാണെന്നൊന്നും നോക്കില്ല വലിച്ചുപറിച്ച് തോട്ടിലെറിയും..
ആ പറ.. പറഞ്ഞു തൊല..
"അല്ല.. ഇവന്മാർക്ക് വല്ലോ യൂണിനോ മറ്റോ കാണുവോ.. അതിൽ കേറിപറ്റാൻ പറ്റുവോ..."

അയ്യോ ഞാൻ ചിരിച്ചു ചത്തു.. (ചിരിച്ചു ചിരിച്ചു അട്ടഹാസമായത് ഞാൻ മാത്രേ കേട്ടുള്ളൂ.. അല്ലെ?? )ഭ്രാന്തന്മാർക് യൂണിയൻ.. അയ്യയോ നല്ല ആശയം. എന്റെ കൂടെ നടന്ന് നിനക്കും ഭ്രാന്തായോ.. അതോ അഭിനയിക്കുവാണോ.
അല്ല,  നിന്നെ പറഞ്ഞിട്ടും കാര്യമില്ല പൊതുവിൽ അതാണല്ലോ നാട്ടുനടപ്പ്, നാലു പേരും അവരുടെ നിഴലും ചേരുന്നിടമാണല്ലോ എല്ലാ പ്രസ്ഥാനങ്ങളുടേം ഗർഭപാത്രം. ഉം.. എന്റെ കൂടെ നടന്ന് കാര്യങ്ങളൊക്കെ മനസിലാക്കി തുടങ്ങി അല്ലെ. പാവം ഈ പേട്ട് തലയോട്ടിക്കുള്ളിൽ കിടന്ന് നിനക്ക് ശ്വാസംമുട്ടുന്നുണ്ടല്ലേ.. എനിക്കറിയാം, എനിക്കെല്ലാം അറിയാം. കാര്യങ്ങളൊക്കെ ഞാൻ വിചാരിക്കുന്ന പോലൊന്ന് നടന്നോട്ടെ, അത് വരെ നീ എന്നെ സഹിച്ചേ മതിയാകൂ.  സത്യമായും നിന്നെ ഞാൻ രക്ഷിക്കാം.. കടലിൽ കൊണ്ടുപോയി വിടാം. അവടെ ഫുൾ ഫ്രീഡമാണെന്ന കേട്ടെ..
  അങ്ങനെ ഉച്ചവെയില്കനക്കുവാണ്, നട്ടുച്ച വെയില് വന്ന് നെറുകയിൽ വീണപ്പോ ഒരാശയം പൊട്ടിമുളച്ചു.. ഈ ഉച്ചവട്ടെന്നൊക്കെ പറയാം. അത് നോർ്മലാണ്‌. അതെല്ലാവർക്കും ഉള്ളതാ. എല്ലാവർക്കും വരുന്നതിനെഒക്കെ നാട്ടിൽ നോർമൽ എന്നാണ് പറയുന്നത്.  അല്ലെങ്കിൽത്തന്നെ  എനിക്ക് ഭ്രാന്തില്ലെന്നും, ഞാൻ ഭ്രാന്ത് അഭിനയിക്കുന്നതാണെന്നും ഇതിനോടകം ഞാൻ രണ്ട് തവണ പറഞ്ഞു കഴിഞ്ഞു..
അങ്ങനെ ഉച്ചവട്ടിൽ പൊട്ടിമുളച്ച ആശയം ഇതാണ് ലോകത്താകെമാനം ചിതറികിടക്കുന്ന ഭ്രാന്തൻമാരെയെല്ലാം കണ്ണിചേർത്ത ഒരു ചങ്ങല ഉണ്ടാക്കുക, എന്നിട്ട് ഈ ലോകത്തിന്റെ കാലിൽ ആ ചങ്ങല വലിച്ചു കെട്ടുക.. അതിന്റെ താക്കോൽ ഞാൻ സൂക്ഷിക്കും.. (താക്കോലിന്റെ കാര്യം ഞാൻ തലച്ചോറിനോട് മാത്രേ പറഞ്ഞുള്ളു ). എങ്കിലും മറ്റു ഭ്രാന്തൻമാരെല്ലാം എന്നെ തുറിച്ചുനോക്കുന്നു.. വിശ്വാസം വരാത്ത പോലെ.. വേണ്ട വിശ്വസിക്കേണ്ട.. ഞാൻ കാണിച്ചു തരാം.. ഞാൻ പോക്കറ്റിൽ കിടന്ന എന്റെ വീടിന്റെ താക്കോലെടുത്തു കാണിച്ചു.... (അതെ സത്യമായും എന്റെ വീടിന്റെ താക്കോലാണിത്. ). ഇനിയും ചില കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു... ഞാനാ താക്കോലുയർത്തി കാട്ടി വിപ്ലവന്മകമായ രണ്ട് ഡയലോഗ് അങ്ങ് കാച്ചി.. നീതിമാൻമാരായ ഭ്രാന്തൻമാർ ഒന്നൊന്നായി എനിക്ക് വഴി മാറി തരാൻ തുടങ്ങി.. എന്റെ ചുണ്ടിൽ ഒരു വിജയഹാസം വിടർന്നു,  ആദ്യമായി. അത് അട്ടഹാസമായി പരിണമിക്കുന്ന വേഗത്തിനിടയിൽ ഞാൻ ഭ്രാന്തൻമാരുടെ രാജ്യത്തിനു ഭരണഘടന ഉണ്ടാക്കി, എന്റെ ഭ്രാന്തൻരാജ്യം മറ്റു ഭ്രാന്തൻ രാജ്യങ്ങളുമായി പാലിക്കേണ്ട വിദേശ നയങ്ങൾ മുതൽ അധികാരവികേന്ദ്രീകരണത്തിന്റെ സകലപടികളും ചവിട്ടിഇറങ്ങി, അതിനിടയിലെ കാണാ തുരങ്കങ്ങളും ഓടിയിറങ്ങി വിയർത്തൊലിച്ചു. പക്ഷെ ഞാൻ ലേശംപോലും തളർന്നില്ല. അതെന്നെ പോലും അത്ഭുതപെടുത്തി. പുൽനാമ്പുകളിലേ തുഷാരബിന്ദുക്കളിൽ മഴവില്ല് വിടരുന്നപോലെ ആശയങ്ങൾ എന്റെ തലച്ചോറിൽ മിഴിവോടെ വിടരാൻ തുടങ്ങി. ചോറ്റാനിക്കരഅമ്മയുടെ പവിഴമല്ലിത്തറ മേളക്കൊഴുപ്പിൽ നിൽ ക്കുമ്പോഴത്തെ  പോലെ ഒരു താളപ്പെരുപ്പ് കാല്പാദം മുതൽ ഇരച്ചുകേറി തുടങ്ങി.


പ്രിയ ഭ്രാന്തൻ സഹോദരങ്ങളെ,
നമ്മളീ നക്കാപിച്ചകൊണ്ടൊന്നും ഒതുങ്ങരുത്.
നമ്മൾ സ്വതന്ത്രരാണ്, നമ്മുക്ക് സ്വാതന്ത്രരാജ്യം വേണം, നിയമം വേണം, ഭരണം വേണം, ആനുകൂല്യങ്ങളല്ല അവകാശങ്ങളാണ് വേണ്ടത്. സംവരണം നേടുന്നവരല്ല സംവരണം നൽകുന്നവരായി നമ്മൾ വളരണം......... എനിക്കറിയാവുന്ന നാനാവിധം ഭാഷകളിൽ ഞാൻ ഉറക്കെയുറക്കെ പ്രസംഗിച്ചു.. എന്നിട്ടും ആശയങ്ങളുടെ കുത്തൊഴുക്ക്... എനിക്കറിയാവുന്ന ഭാഷകളിലൊന്നും വാക്കുകൾ പോരെന്നു തോന്നി... ഇനിയും പ്രചാരത്തിൽ വരാത്ത മറ്റുഭാഷകളിലേക്ക്  ഞാൻ ചാടിക്കയറി.. പലഭാഷകൾ, ആയിരക്കണക്കിന് ആശയങ്ങൾ, ചുറ്റും ഭ്രാന്തമായ കണ്ണുകൾ, വിയർപ്പിൽ കുളിച്ച എന്റെ ശരീരം... ..
   
     *   *  *    *    *   *   *  *  *  *  *  *  *


ഇന്നത്തെ ദിനപത്രമാണ്,

ഇന്നലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഭ്രാന്തൻമാർക്കുള്ള സർക്കാർ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം ഞാൻ സൂക്ഷിച്ചു മുറിച്ചെടുത്തു.
ആ പന്നനായിന്റെ മോൾക്ക്‌ അയച്ചുകൊടുക്കണം ഇന്നുതന്നെ.

അടുപ്പിൽ റേഷനരി തിളച്ചു മറിയുന്ന ഗന്ധം..
അല്ല, സുഗന്ധം.... !!! 


************************ 

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.

  ആഗ്നസ് മറിയ ആന്റണി  agnusmaria007@gmail.com അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാ...