Sunday, 7 June 2020

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.



 ആഗ്നസ് മറിയ ആന്റണി 
agnusmaria007@gmail.com


അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാര്യങ്ങൾ എന്ന് പറഞ്ഞാൽ അറിയാമല്ലോ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചേ കാര്യങ്ങൾ നടക്കൂ. അങ്ങനെ ഒരു ആനുകൂല്യ പട്ടികയിൽ കേറിപറ്റാനുള്ള പരിപാടി ആണ്. "അംഗവൈകല്യം"...?   "ഇല്ല "
പ്രായാധിക്യം..?   ആയിട്ടില്ല
വൈധവ്യം..?    ഇല്ല
ഗർഭം..?  ഇല്ലേയില്ല
മാനസിക വൈകല്യം..?    ശ്രമിക്കാം


കാഴ്ച്ചയിൽ ഭ്രാന്തനെന്നു പണ്ടേ പേരുണ്ട് ; ബാക്കി കയ്യിന്നിട്ട് ഒപ്പിക്കാം എന്നൊരു ധാരണയിൽ പഞ്ചായത്ത്‌ ആപ്പീസിലേക്ക് വച്ചു പിടിച്ചു. വേണമെങ്കിൽ ഈയൊരു മാനസികാവസ്ഥയെ ഒന്ന് പൊലിപ്പിച്ചെഴുതാം, ഉപമ ഉൽപ്രേക്ഷ അലങ്കാരങ്ങളെല്ലാം തലച്ചോറിൽ ഓരുകൂടിതുടങ്ങിയപ്പോളാണ് ഞെട്ടിക്കുന്ന ഒരു സംഗതി കണ്ണിൽപെട്ടത്. പഞ്ചായത്ത്‌ ആപ്പീസ്ന്ന് തുടങ്ങിയ ഭ്രാന്തൻമാരുടെ നിര ഇങ്ങു പ്രാന്തൻ മുത്തപ്പന്റെ കുരിശുപള്ളിയിൽ വരെ നീളുന്നു..ഇതൊരു  ഇരുന്നൂറു  മീറ്ററെങ്കിലും  ദൂരം വരുമെന്നാണ് എന്റെ ഊഹം. ശേ.. ഇത് കണ്ടിട്ട് തന്നെ ഭ്രാന്താകുന്നല്ലോ. ഈ നാട്ടിൽ ഇത്രയധികം ഭ്രാന്തൻമാരോ. ഒരു വെറൈറ്റി പിടിക്കാമെന്നു കരുതിയാലും നടക്കില്ലല്ലോ. കുറെ അവന്മാരൊക്കെ വെറുതെ വന്നതാരിക്കും. എല്ലാടത്തും കാണുമല്ലോ ആൾകൂട്ടം സൃഷ്ടിക്കാൻ കുറേ കഥയില്ലാത്തവൻമാർ ...ഞാൻ ഈ രണ്ട് ഗണത്തിലും പെടില്ലകേട്ടോ, സാഹചര്യവശാൽ ഞാൻ അങ്ങനെ അഭിനയിക്കുക ആണ്. എങ്ങനെ അഭിനയിക്കണം ഭ്രാന്തനെന്നോ, ആൾകൂട്ടത്തിൽ ഒരുവനെന്നോ?
       ഹും.. ആൾകൂട്ടത്തിൽ ഒരുവനോ എന്റെ പട്ടി..... വേണ്ട പാവം പട്ടി എന്തു പിഴച്ചു.. ആൾകൂട്ടത്തിൽ ഏതവനാണ്‌ നായകൻ, അല്ലേൽ ആൾകൂട്ടത്തിൽ എല്ലാവരും നായകന്മാർ അല്ലെ ... ഓ... അങ്ങനെ സങ്കല്പത്തിലെ നായകത്തം ഒന്നും  കല്പിച്ചു തരേണ്ട. ഈ കഥയിൽ ഒരു ഭ്രാന്തനാണ് നായകൻ അത് ഞാൻ തന്നെ, കഥയിലെങ്കിലും....
            ഇപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപെട്ടത് അര വട്ടന്മാർ മുഴുവട്ടന്മാർക്ക് വഴി മാറി കൊടുക്കുന്നുണ്ട്. അത് കൊള്ളാം, നീതി-ന്യായ ബോധമുള്ള ഭ്രാന്തൻമാർ.   പക്ഷെ ഞാൻ ചെന്നപ്പോൾ ആരും വഴി മാറി തന്നൊന്നുമില്ലകേട്ടോ.. അതെ ഞാൻ ആദ്യേ പറഞ്ഞില്ലേ എനിക്ക് ഭ്രാന്തില്ലെന്ന് ;അതവന്മാർക്ക് മനസായിലായി. ആഹാ ഇവനൊക്കെ ഭ്രാന്താണെന്ന് ആര് പറഞ്ഞു.. നല്ല ബുദ്ധിയുള്ള ഭ്രാന്തന്മാർ...
  അല്ലേലും ഈ ഭ്രാന്തന്മാരൊക്കെ വേറെ ലെവലാണ്..
  ഭ്രാന്തന്റെ പിച്ചചട്ടിയിൽ എന്നും ചൂട്ചോറ്
ഭ്രാന്തനെ പ്രേമിക്കാനുള്ള പെണ്ണുങ്ങളുടെ ഭ്രാന്ത്
ഭ്രാന്തനെ സഹായിക്കാനുള്ള നാട്ടുകാരുടെ ഭ്രാന്ത്
ഭ്രാന്തന്റെ പുലമ്പുകൾക്ക് അവൻപോലും കാണാത്ത അർഥങ്ങൾ, അംഗീകാരങ്ങൾ....
ഭ്രാന്തന് എന്തും കുടിക്കാം, എന്തും പൊകക്കാം, എത്ര വേണേലും ജനിപ്പിക്കാം, ആരെ വേണേലും കൊല്ലാം.... ആഹാ പരമസുഖമേ... !!!
പിന്നെ ഈ വൃത്തികെട്ട ലുക്ക്‌ മെന്റൈൻ ചെയ്യണം.. ഓ പിന്നേയ് ഇത്രെയൊക്കെ സൗഭാഗ്യത്തിനായി അത്രേം എങ്കിലും സഹിക്കണ്ടേ. ഇതൊന്നുമില്ലാതെതന്നെ എന്തെല്ലാം സഹിക്കുന്നു..

അങ്ങനെ ആകെമൊത്തം സുഖൊള്ള ഒരേർപ്പാട് കണ്ടെത്തിയ നിർവൃതിയിൽ അങ്ങനെ നിൽ ക്കുമ്പോ മറ്റൊരു ചിന്ത.. നാശംപിടിക്കാൻ, അതെപ്പോഴും അങ്ങനെ ആണല്ലോ എന്തേലും ഒരു വഴി തെളിയിച്ചുവരുമ്പോൾ ഒടക്ക്  പറയുന്നത് ഒരു സ്ഥിരം പരിപാടിആണ്...
    "ഒടക്കല്ല.. വരും വരായ്ക പറയണോല്ലോ.." അവസാന ചാൻസ് ആണ് ഇനിയും എന്റെ വഴി മുടക്കാൻ നിന്നാൽ തലച്ചോറാണെന്നൊന്നും നോക്കില്ല വലിച്ചുപറിച്ച് തോട്ടിലെറിയും..
ആ പറ.. പറഞ്ഞു തൊല..
"അല്ല.. ഇവന്മാർക്ക് വല്ലോ യൂണിനോ മറ്റോ കാണുവോ.. അതിൽ കേറിപറ്റാൻ പറ്റുവോ..."

അയ്യോ ഞാൻ ചിരിച്ചു ചത്തു.. (ചിരിച്ചു ചിരിച്ചു അട്ടഹാസമായത് ഞാൻ മാത്രേ കേട്ടുള്ളൂ.. അല്ലെ?? )ഭ്രാന്തന്മാർക് യൂണിയൻ.. അയ്യയോ നല്ല ആശയം. എന്റെ കൂടെ നടന്ന് നിനക്കും ഭ്രാന്തായോ.. അതോ അഭിനയിക്കുവാണോ.
അല്ല,  നിന്നെ പറഞ്ഞിട്ടും കാര്യമില്ല പൊതുവിൽ അതാണല്ലോ നാട്ടുനടപ്പ്, നാലു പേരും അവരുടെ നിഴലും ചേരുന്നിടമാണല്ലോ എല്ലാ പ്രസ്ഥാനങ്ങളുടേം ഗർഭപാത്രം. ഉം.. എന്റെ കൂടെ നടന്ന് കാര്യങ്ങളൊക്കെ മനസിലാക്കി തുടങ്ങി അല്ലെ. പാവം ഈ പേട്ട് തലയോട്ടിക്കുള്ളിൽ കിടന്ന് നിനക്ക് ശ്വാസംമുട്ടുന്നുണ്ടല്ലേ.. എനിക്കറിയാം, എനിക്കെല്ലാം അറിയാം. കാര്യങ്ങളൊക്കെ ഞാൻ വിചാരിക്കുന്ന പോലൊന്ന് നടന്നോട്ടെ, അത് വരെ നീ എന്നെ സഹിച്ചേ മതിയാകൂ.  സത്യമായും നിന്നെ ഞാൻ രക്ഷിക്കാം.. കടലിൽ കൊണ്ടുപോയി വിടാം. അവടെ ഫുൾ ഫ്രീഡമാണെന്ന കേട്ടെ..
  അങ്ങനെ ഉച്ചവെയില്കനക്കുവാണ്, നട്ടുച്ച വെയില് വന്ന് നെറുകയിൽ വീണപ്പോ ഒരാശയം പൊട്ടിമുളച്ചു.. ഈ ഉച്ചവട്ടെന്നൊക്കെ പറയാം. അത് നോർ്മലാണ്‌. അതെല്ലാവർക്കും ഉള്ളതാ. എല്ലാവർക്കും വരുന്നതിനെഒക്കെ നാട്ടിൽ നോർമൽ എന്നാണ് പറയുന്നത്.  അല്ലെങ്കിൽത്തന്നെ  എനിക്ക് ഭ്രാന്തില്ലെന്നും, ഞാൻ ഭ്രാന്ത് അഭിനയിക്കുന്നതാണെന്നും ഇതിനോടകം ഞാൻ രണ്ട് തവണ പറഞ്ഞു കഴിഞ്ഞു..
അങ്ങനെ ഉച്ചവട്ടിൽ പൊട്ടിമുളച്ച ആശയം ഇതാണ് ലോകത്താകെമാനം ചിതറികിടക്കുന്ന ഭ്രാന്തൻമാരെയെല്ലാം കണ്ണിചേർത്ത ഒരു ചങ്ങല ഉണ്ടാക്കുക, എന്നിട്ട് ഈ ലോകത്തിന്റെ കാലിൽ ആ ചങ്ങല വലിച്ചു കെട്ടുക.. അതിന്റെ താക്കോൽ ഞാൻ സൂക്ഷിക്കും.. (താക്കോലിന്റെ കാര്യം ഞാൻ തലച്ചോറിനോട് മാത്രേ പറഞ്ഞുള്ളു ). എങ്കിലും മറ്റു ഭ്രാന്തൻമാരെല്ലാം എന്നെ തുറിച്ചുനോക്കുന്നു.. വിശ്വാസം വരാത്ത പോലെ.. വേണ്ട വിശ്വസിക്കേണ്ട.. ഞാൻ കാണിച്ചു തരാം.. ഞാൻ പോക്കറ്റിൽ കിടന്ന എന്റെ വീടിന്റെ താക്കോലെടുത്തു കാണിച്ചു.... (അതെ സത്യമായും എന്റെ വീടിന്റെ താക്കോലാണിത്. ). ഇനിയും ചില കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു... ഞാനാ താക്കോലുയർത്തി കാട്ടി വിപ്ലവന്മകമായ രണ്ട് ഡയലോഗ് അങ്ങ് കാച്ചി.. നീതിമാൻമാരായ ഭ്രാന്തൻമാർ ഒന്നൊന്നായി എനിക്ക് വഴി മാറി തരാൻ തുടങ്ങി.. എന്റെ ചുണ്ടിൽ ഒരു വിജയഹാസം വിടർന്നു,  ആദ്യമായി. അത് അട്ടഹാസമായി പരിണമിക്കുന്ന വേഗത്തിനിടയിൽ ഞാൻ ഭ്രാന്തൻമാരുടെ രാജ്യത്തിനു ഭരണഘടന ഉണ്ടാക്കി, എന്റെ ഭ്രാന്തൻരാജ്യം മറ്റു ഭ്രാന്തൻ രാജ്യങ്ങളുമായി പാലിക്കേണ്ട വിദേശ നയങ്ങൾ മുതൽ അധികാരവികേന്ദ്രീകരണത്തിന്റെ സകലപടികളും ചവിട്ടിഇറങ്ങി, അതിനിടയിലെ കാണാ തുരങ്കങ്ങളും ഓടിയിറങ്ങി വിയർത്തൊലിച്ചു. പക്ഷെ ഞാൻ ലേശംപോലും തളർന്നില്ല. അതെന്നെ പോലും അത്ഭുതപെടുത്തി. പുൽനാമ്പുകളിലേ തുഷാരബിന്ദുക്കളിൽ മഴവില്ല് വിടരുന്നപോലെ ആശയങ്ങൾ എന്റെ തലച്ചോറിൽ മിഴിവോടെ വിടരാൻ തുടങ്ങി. ചോറ്റാനിക്കരഅമ്മയുടെ പവിഴമല്ലിത്തറ മേളക്കൊഴുപ്പിൽ നിൽ ക്കുമ്പോഴത്തെ  പോലെ ഒരു താളപ്പെരുപ്പ് കാല്പാദം മുതൽ ഇരച്ചുകേറി തുടങ്ങി.


പ്രിയ ഭ്രാന്തൻ സഹോദരങ്ങളെ,
നമ്മളീ നക്കാപിച്ചകൊണ്ടൊന്നും ഒതുങ്ങരുത്.
നമ്മൾ സ്വതന്ത്രരാണ്, നമ്മുക്ക് സ്വാതന്ത്രരാജ്യം വേണം, നിയമം വേണം, ഭരണം വേണം, ആനുകൂല്യങ്ങളല്ല അവകാശങ്ങളാണ് വേണ്ടത്. സംവരണം നേടുന്നവരല്ല സംവരണം നൽകുന്നവരായി നമ്മൾ വളരണം......... എനിക്കറിയാവുന്ന നാനാവിധം ഭാഷകളിൽ ഞാൻ ഉറക്കെയുറക്കെ പ്രസംഗിച്ചു.. എന്നിട്ടും ആശയങ്ങളുടെ കുത്തൊഴുക്ക്... എനിക്കറിയാവുന്ന ഭാഷകളിലൊന്നും വാക്കുകൾ പോരെന്നു തോന്നി... ഇനിയും പ്രചാരത്തിൽ വരാത്ത മറ്റുഭാഷകളിലേക്ക്  ഞാൻ ചാടിക്കയറി.. പലഭാഷകൾ, ആയിരക്കണക്കിന് ആശയങ്ങൾ, ചുറ്റും ഭ്രാന്തമായ കണ്ണുകൾ, വിയർപ്പിൽ കുളിച്ച എന്റെ ശരീരം... ..
   
     *   *  *    *    *   *   *  *  *  *  *  *  *


ഇന്നത്തെ ദിനപത്രമാണ്,

ഇന്നലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഭ്രാന്തൻമാർക്കുള്ള സർക്കാർ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം ഞാൻ സൂക്ഷിച്ചു മുറിച്ചെടുത്തു.
ആ പന്നനായിന്റെ മോൾക്ക്‌ അയച്ചുകൊടുക്കണം ഇന്നുതന്നെ.

അടുപ്പിൽ റേഷനരി തിളച്ചു മറിയുന്ന ഗന്ധം..
അല്ല, സുഗന്ധം.... !!! 


************************ 

Sunday, 19 June 2016

ഒഴിവുദിവസത്തെ കളി - ഒരനുഭവക്കുറിപ്പ്






മാധവ് വിഷ്ണു








"കറുത്ത കോഴിയും കള്ളനുമായ ദാസൻ"

പഠിക്കുന്ന സമയത്ത് രൂപേഷ് സാറിന്റെ ക്ലാസ്സിൽ എനിക്ക് തോന്നിയിരുന്ന ഒരു സംശയമുണ്ട്? *എന്താണ് 'അതിന്റെ രാഷ്ട്രിയം' ? 
*'ആ കാര്യത്തിലെ രാഷ്ട്രീയം വ്യെക്തമാക്കുക'?
* രാഷ്ട്രീയം എന്നത് ഒരു കാര്യത്തിൽ എങ്ങനെ പറയപ്പെടുന്നു ?
...എല്ലാറ്റിനും ഉപരി, അതെങ്ങനെ 'ഒരു രാഷ്ട്രീയ സിനിമ'യാകും???

ഒടുവിൽ "ഒഴിവുദിവസത്തെ കളി" എന്ന ചിത്രം തെളിവു സഹിതം എനിക്കതു വിവരിച്ചു തന്നു. കൃത്യമായ രാഷ്ട്രീയ ബോധമുള്ള , രാഷ്ട്രീയം എന്നത് വ്യക്തമായി നമുക്കിടയിൽ(സമൂഹത്തിൽ) എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് കാണിച്ചു തരുന്ന ചിത്രം. ഇതിനുമുൻപ് കണ്ട ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകളോ, വില്ലന്മാരായ മന്ത്രിമാരെ തുരത്തുമ്പോൾ സംഭവിക്കുന്ന നീതിയോ ന്യായമോ അല്ല. മറിച്ച് പച്ചയായ മനുഷ്യർക്കിടയിൽ നടക്കുന്ന യഥാർത്ഥ രാഷ്രീയത്തെ പറ്റിയാണ് ചിത്രം പറയുന്നത്. മുരളി ഗോപി സർ ഈ ചിത്രത്തെ പറ്റി പറഞ്ഞതുപോലെ 'ഇതാണ് ഒരു യഥാർത്ഥ രാഷ്ട്രീയ സിനിമ'.
കഥയിലെ മറ്റു കഥാപാത്രങ്ങൾ 'ദാസനെന്ന' നായകനെ അവരുടെയെല്ലാം ദാസനായി കണ്ടുകൊണ്ട് ചെയ്യുന്ന,ചെയ്യിക്കുന്ന ഓരോ ചെയ്തികളുമാണ് ഇതിലെ രാഷ്ട്രീയം.വർഗീയതയുടെ,അടിമത്വത്തിന്റെ, നിറത്തിന്റെ അങ്ങിനെ എല്ലാറ്റിന്റെയും രാഷ്ട്രീയം.

ചിത്രത്തിലെ രാജാവും,മന്ത്രിയും,പോലീസും,മജിസ്‌ട്രേറ്റും ഒപ്പം ബോധമില്ലാതെ കണ്ണടച്ചുറങ്ങുന്ന നാരായണനെന്ന നമ്മളും അവരവരുടെ സ്വഭാവ വൈകല്യങ്ങൾ പുറത്തെടുക്കുമ്പോൾ- മാന്യതയുടെയും,നന്മയുടെയും,കൂട്ടിച്ചേർകലിന്റെയും പര്യായമായി ദാസൻ ചിത്രത്തിലുടനീളം നിലകൊള്ളുന്നു.

ചക്കവെട്ടലും, കറുത്ത കോഴിയെ കൊല്ലലും ദാസനെ പ്രേരിപ്പിച്ചു മറ്റുള്ളവർ ചെയ്യിക്കുമ്പോൾ, അവനറിഞ്ഞിരുന്നില്ല കള്ളനെന്നു മുദ്രകുത്തി, വൃക്ഷമൃഗാധികളുടെ ശാപവും പേറ്റി തന്നേം അതുപോലെ അടർത്തി മാറ്റിപ്പെടുത്താനാണെന്ന്.
കറുത്ത കോഴിയെ അറുത്തു കൊല്ലാൻ വയ്യാതെ, തൂക്കികൊല്ലാൻ ദാസനെടുക്കുന്ന തീരുമാനം അവന്റെ അവസാനവും അങ്ങിനെതന്നെയെന്ന അടയാളപ്പെടുത്തലാണ്.വാളെടുത്തവൻ വാളാൽ എന്നേ നമ്മെ പറഞ്ഞു പടിപ്പിച്ചിട്ടുള്ളൂ, എന്നാൽ വളെടുക്കേണ്ടിവന്നതിന്റെ പിന്നാമ്പുറമാണ് ഈ ചിത്രം.


ചിത്രത്തിൽ ഓരോ സന്ദർഭങ്ങളുടെയും അവസാനം പ്രകൃതിയുടെ വിവിധ ഭാവങ്ങളെ സംവിധായകൻ വിളക്കിച്ചേർത്തിട്ടുണ്ട്. ഇത് കഥയിലെ ഒരു പാഠത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പടിയാണ്. കളി കാര്യമാകാൻ പോകുന്നതിന്റെ അടയാളമാണ്.

ഇടവേളക്കു ശേഷമുള്ള മുഴുക്കഥ പറയുന്ന ആ സിംഗിൾ ഷോട്ട് എത്രവർണിച്ചാലും മതിവരില്ല. മഴയുടെ രൂപത്തിൽ പ്രകൃതിയുടെ ഒരു വലിയ കരച്ചിലിൽ നിന്നാരംഭിക്കുന്ന ആ ഷോട്ട് അവസാനിക്കുമ്പോൾ പ്രകൃതി പെയ്തു തോരുകയും, പ്രേക്ഷകരായ നമ്മൾ പെയ്തു തുടങ്ങുകയും ചെയ്യും.അവിടെ ചിത്രത്തിന്റെ സ്‌ക്രീൻ ടൈം മാത്രം അവസാനിക്കും.

Sunday, 25 October 2015

ഇഷ്ടവും സമൂഹവും : ചില ചിന്തകൾ



                                                                                                  റോണി സെബാസ്റ്റ്യൻ
                        

                                                       

                                   ഇഷ്ട്ടം, സ്നേഹം അല്ലെങ്കിൽ വെറുപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും ചിന്തകൾ പങ്കുവെയ്ക്കുവാനാണ് ഞാനിതെഴുതുന്നത്. ഇതൊരു പുതിയ വിഷയമല്ല എന്നതുകൊണ്ട് തന്നെ കേട്ടു തഴമ്പിച്ച ഇഷ്ട്ടത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ വൈകാരിക തലത്തിലേക്ക് ഞാൻ കടക്കുന്നില്ല. മറിച്ച് ഇഷ്ട്ടത്തിന്റെ, വെറുപ്പിന്റെ സാമൂഹിക രാഷ്ട്രീയ വശങ്ങളെക്കുറിച്ചുള്ള ഏതാനും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക മാത്രമാണെന്റെ ഉദേശ്യം.

ഞാൻ ചില ചോദ്യങ്ങളോടെ തുടങ്ങട്ടെ. ഈ ഇഷ്ട്ടവും ഇഷ്ട്ടക്കേടും. അല്ലെങ്കിൽ സ്നേഹവും വെറുപ്പും നമ്മുടെ നിയന്ത്രണത്തിലുള്ള സങ്കതികളാണോ ? അതായത് ഒരു പാട്ട് കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു വ്യക്തിയുമായി ഇടപഴകുമ്പോൾ നമ്മളിൽ രൂപപ്പെടുന്ന ഇഷ്ട്ടത്തിന് / വെറുപ്പിന് നമ്മുടെ മേൽ എന്ത് നിയന്ത്രണമാണ് ഉള്ളത് ? ഇഷ്ട്ടപ്പെടുക എന്ന പ്രക്രിയ നമ്മളറിയാതെ സംഭവിക്കുന്നതല്ലേ ? ഉദാഹരണത്തിന് ഒരിക്കൽ ഇഷ്ട്ടപെട്ടു കഴിഞ്ഞ ഒരു പാട്ടിനെ ഇനിമുതൽ വെറുത്തുകളയാം എന്നു തീരുമാനിക്കാൻ ആരെക്കൊണ്ടെങ്കിലും സാധിക്കുമോ ? വ്യക്തികളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെ. അറിയാതെ ഇഷ്ട്ടപ്പെട്ടു പോയി മറക്കാൻ പറ്റുന്നില്ല എന്നൊക്കെ ആളുകൾ സാധാരണ പറയാറില്ലേ. സത്യത്തിൽ എല്ലാ ഇഷ്ട്ടാനിഷ്ട്ടങ്ങളും അറിയാതെ സംഭവിക്കുന്നവ തന്നെയാണ്. ഇനിമുതൽ ഞാനി ഭക്ഷണം ഇഷ്ട്ടപ്പെടും, ഇന്ന വ്യക്തിയെ സ്നേഹിക്കും, ഈ പുസ്തകത്തെ വെറുക്കും എന്നൊക്കെ ആർക്കു ചിന്തിക്കാൻ പറ്റും. അതൊരുതരത്തിലും വ്യക്തികളുടെ ബോധപൂർവമായ തീരുമാനങ്ങളെ ആശ്രയിച്ചു നിൽക്കുന്നവയല്ല. അതായത് ഒരാളെ കാണുമ്പോൾ അല്ലെങ്കിൽ ഒരു പാട്ട് കേൾക്കുമ്പോൾ നമ്മളിലുദിക്കുന്ന ഇഷ്ട്ടം/ വെറുപ്പ്‌ നമ്മുടെ നിയന്ത്രണത്തിലല്ല. അത് താനേ രൂപപ്പെടുകയാണ്.

                                                                                 ഇനി മറ്റൊരു കാര്യം. ഇഷ്ട്ടാനിഷ്ട്ടങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലാ എന്നിരിക്കെ, എങ്ങനെ ഒരാൾക്ക്‌ താൻ തനിക്കിഷ്ട്ടമുള്ളത് ചെയ്യുമെന്നും അത് പൂർണ്ണമായും സ്വന്തം തീരുമാനപ്രകാരം നടക്കുമെന്നും പറയുവാൻ അല്ലെങ്കിൽ അവകാശപ്പെടുവാൻ സാധിക്കും. ഇവിടെ സ്വന്തം ഇഷ്ട്ടം എന്ന് പറയുന്നതിൽ തന്നെ ഒരു പിശകുണ്ട്. കാരണം അങ്ങനെ ഒരിഷ്ട്ടമില്ല. നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ നിർണയിക്കപ്പെടുന്നത് നമ്മളാലല്ല എന്നതുകൊണ്ട്തന്നെ സ്വന്തം തീരുമാനം, സ്വന്തം ഇഷ്ട്ടം എന്നൊക്കെ പറയുന്നത് അതിന്റെ പൂർണ അർത്ഥത്തിൽ ശരിയല്ല. ഒരാളും പൂർണമായും സ്വതന്ത്രരല്ല എന്ന അടിസ്ഥാന സത്യം അത് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. നമ്മൾ സ്വന്തമെന്നു കരുതുന്ന നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ പോലും പലവിധ ഘടകങ്ങളുടെ, കാരണങ്ങളുടെ, സാഹചര്യങ്ങളുടെ സമ്മിശ്ര നിർമിതിയാണ്. അതിൽ ഒരു വ്യക്തി എന്ന നിലയിൽ കാര്യമായ നിയന്ത്രണമൊന്നും നമുക്കില്ല തന്നെ. 

                                                തന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങളുടെ ഭാഹ്യ ഇടപെടലുകളെക്കുറിച്ച് ബോധ്യമുള്ള വ്യക്തികൾ ആ ഇഷ്ട്ടങ്ങൾ രൂപപ്പെടുവാനുണ്ടായ സാഹചര്യവും കാരണങ്ങളും വിശകലനം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. താൻ ഇപ്രകാരം എന്തുകൊണ്ട് ചിന്തിക്കുന്നു? താൻ എന്തുകൊണ്ട് ഈ മതത്തെ ഇഷ്ട്ടപ്പെടുന്നു മറ്റുള്ളവയെ വെറുക്കുന്നു? ഈ വ്യക്തി എന്നിൽ സ്വാധീനം ചെലുത്തുവാനുള്ള കാരണമെന്താണ്? എന്തിനാലാണ് ഈ ഒരു കൂട്ടം ആളുകളെ താൻ വെറുക്കുന്നത് തുടങ്ങി ചോദ്യങ്ങൾ സ്വയം ചോദിക്കണം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുകയല്ല, മറിച്ച്‌ ഒരു വ്യക്തി എന്ന നിലയിൽ താനായിരിക്കുന്ന അവസ്ഥയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയാണ് ഈ അന്വേഷണം കൊണ്ട് ഉദേശിക്കുന്നത്. യുക്തിപരമായി ബന്ധങ്ങളെ വിശകലനം ചെയ്യുവാനും അന്ധമായ ആരാധനയിൽ നിന്നും അല്ലെങ്കിൽ തീവ്രമായ വെറുപ്പിൽ നിന്നും മുക്തി നേടുവാനും ഇത് സഹായകരമാണ്. 

                                                                                                                    ചുരുക്കത്തിൽ മനുഷ്യൻ അവന്റെ സാഹചര്യങ്ങളുടെ സൃഷ്ട്ടിയാണെന്ന പരമ സത്യം നാം അംഗീകരിക്കണം. എന്നാൽ പലരും അത്ര എളുപ്പത്തിൽ അതംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. ഒരു നാഗാലാന്റ് സ്വതേശിയുടെ ഭക്ഷണ പാത്രത്തിലേക്ക് അവഞ്ഞയോടെ നോക്കുന്ന ഒരു മലയാളിയെ ഉദ്ദാഹരണമായി എടുക്കാം. ഇദ്ദേഹത്തിന്റെ ധാരണ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ രീതി തന്റെതാണ് എന്നാണ്. ചോറിനോടും തേങ്ങയോടുമുള്ള തന്റെ ഇഷ്ട്ടം തന്റെ കൂടെപ്പിറപ്പാണെന്നും അതുകൊണ്ടുതന്നെ ലോകത്തെവിടെ പോയാലും അവയില്ലാതെ തനിക്കു ജീവിതമില്ലായെന്നും അയാൾ കരുതുന്നു. ഇതേ വ്യക്തിയാണ് നിങ്ങൾ എന്താ പട്ടിയെ തിന്നുന്നത്?, നിങ്ങൾ പുഴുവിനെയും തിന്നുമോ? നിങ്ങൾക്ക് വേറൊന്നും തിന്നാനില്ലേ എന്നൊക്കെ ഒരു അന്യനാട്ടുകാരനോട് ചോദിക്കുന്നത്. സ്വന്തം ഇഷ്ട്ടാനിഷ്ട്ടങ്ങൾ ഏതുവിധം രൂപപ്പെട്ടുവെന്നും അതേ പ്രക്രിയയിലൂടെ മറ്റൊരു സാഹചര്യത്തിൽ മറ്റൊരാളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ ഏതുവിധം നിർണയിക്കപ്പെടുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവാനിടയില്ല.

                                ഇഷ്ട്ടാനിഷ്ട്ടങ്ങളെ നിർണയിക്കുന്നതിൽ സമൂഹത്തിനും സാമൂഹികവൽക്കരണ പ്രക്രിയക്കുമുള്ള പങ്ക് ഇവിടെ തിരിച്ചറിയപ്പെടാതെ പോകുന്നു. മുൻവിധി, അഹങ്കാരം, സ്വജനപക്ഷപാതം, പരിഹാസം തുടങ്ങിയവയൊക്കെ ഈ അറിവില്ലായ്മയുടെ ഉൽപ്പന്നങ്ങളാണ്. എന്റെ ഇഷ്ട്ടങ്ങൾ എനിക്കു വിലപ്പെട്ടതാണ്‌ എന്നതുപോലെ വിലപ്പെട്ടതാണ്‌ മറ്റുള്ളവർക്ക് അവരുടെ ഇഷ്ട്ടങ്ങൾ എന്ന തിരിച്ചറിവ് നിസ്സാരമെന്നു തോന്നുമെങ്കിലും പലർക്കും അക്ഞ്ഞാതമാണ്. മറ്റൊരു ദേശത്തിന്റെ, മതത്തിന്റെ  വസ്ത്ര ധാരണ രീതിയെ പരിഹസിക്കുമ്പോൾ, സാംസ്ക്കാരിക രീതികളെ, ഭക്ഷണവിഭവങ്ങളെയൊക്കെ പരിഹസിക്കുമ്പോൾ വെളിപ്പെടുന്നത് ഈ അറിവിന്റെ അഭാവം തന്നെയാണ്.

                                                    നമ്മളിൽ ഭൂരിപക്ഷവും ഒരു മതത്തിന്റെ ഭാഗമായത് നമ്മുടെ മാതാപിതാക്കൾ അത് പിന്തുടരുന്നവരായതുകൊണ്ടാണ്. നമ്മൾ തേങ്ങ ഇഷ്ട്ടപ്പെടുന്നത് അത് ധാരാളമായി വളരുന്ന ഒരു ഭൂപ്രകൃതിയിൽ ജനിച്ചുവളർന്നതുകൊണ്ടാണ്‌. വിവാഹത്തിനു മുൻപു കാമിക്കുന്നതു പാപമാണെന്ന് നാം കരുതുന്നത് സാമൂഹിക വൽക്കരണ പ്രക്രിയയുടെ ഭാഗമായി നാം സ്വാംശീകരിച്ച സമൂഹത്തിന്റെ സദാചാര മൂല്ല്യങ്ങൾ മൂലമാണ്. എന്നാൽ നമ്മളിലെത്രപേർ ഇതു തുറന്നു സമ്മതിക്കും ? "ഞാനീ മതത്തിൽ ജനിച്ചാലുമില്ലെങ്കിലും ഇതുഞാൻ സ്വമേതയാ സ്വീകരിക്കുമായിരുന്നു" എന്നു പറയുന്ന സുഹൃത്തുക്കൾ എനിക്കു തന്നെ ഉണ്ട്. താൻ പ്രവർത്തിക്കുന്നത് സ്വന്തം പ്രേരണയുടെ ഫലമായാണെന്നും സമൂഹത്തിനും മതത്തിനും തന്നിൽ സ്വധീനമൊന്നുമില്ലെന്നും അവകാശപ്പെടുന്നവരെയും കണ്ടിട്ടുണ്ട്.ഇനി താൻ ഒരു മണിപൂരിയായി ജനിച്ചിരുന്നെങ്കിലും തേങ്ങാചമ്മന്തി തിന്നാൻ കേരളത്തിലേക്ക് താമസം മാറിയേനെ എന്നതരത്തിൽ സംസാരിക്കുന്ന കൂട്ടരുമുണ്ട്. തങ്ങൾ ആയിരിക്കുന്ന അവസ്തയോടുള്ള, സാഹചര്യത്തോടുള്ള അമിതാഭിനിവേശമാണ് ഇക്കൂട്ടരെ ഈ വിധത്തിലുള്ള അന്ധമായ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നത്. താൻ എന്തുകൊണ്ട് ഈ വിധത്തിൽ രൂപപ്പെട്ടു എന്നൊരു ചിന്ത ഒരിക്കൽ പോലും ഇവരിൽ രൂപപ്പെട്ടിരിക്കാൻ സാദ്യത ഇല്ല.

ഇനി നമ്മുടെ രാജ്യത്ത് ചൂടുപിടിച്ചിരിക്കുന്ന ചില വിഷയങ്ങളുമായി ഇതിനെയൊന്നു ബന്ധപ്പെടുത്താം. അപരന്റെ ഇഷ്ട്ടങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ സാധിക്കാത്തതുമൂലമല്ലേ ഒരർത്ഥത്തിൽ നാമിന്നു നേരിടുന്ന വർഗീയ കലാപങ്ങളും ബീഫിന്റെയും മറ്റും ഉപയോഗവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങളും. തനിക്കിഷ്ട്ടമുള്ളത് താനും അപരനിഷ്ട്ടമുള്ളത് അവനും കഴിച്ചുകൊള്ളട്ടെയെന്നു വിചാരിച്ചാൽ തന്നെ തീരുന്നതല്ലേ ഈ പ്രശ്നങ്ങൾ. മനുഷ്യന്റെ ഇഷാനിഷ്ട്ടങ്ങളെ മുൻനിർത്തി എത്ര സമൃദ്ധമായാണ് രാഷ്ട്രീട പാർടികൾ അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നതെന്ന് നോക്കുക. ഇഷ്ട്ടാനിഷ്ട്ടങ്ങളുടെ രാഷ്ട്രീയം എന്നിതിനെ വിളിക്കാം എന്നെനിക്കു തോന്നുന്നു. ഒരാൾ എന്തിഷ്ട്ടപ്പെടണം എന്തിഷ്ട്ടപ്പെടരുതെന്നു ഭരിക്കുന്ന സർക്കാർ നിശ്ചയിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ. ഇഷ്ട്ടമുള്ളത് എഴുതാൻ പറ്റാത്ത സാഹചര്യം (പെരുമാൾ മുരുകനു തന്നിലെ എഴുത്തുകാരൻ മരിച്ചു എന്ന് പറയേണ്ടി വന്നത് ഈ സാഹചര്യങ്ങളുടെ ഫലമായിട്ടാണ്). ഇഷ്ട്ടമുല്ലതു കാണാനും ആസ്വതിക്കാനും പറ്റാത്ത സാഹചര്യം (നൂറുകണക്കിന് പോണ്‍ സൈറ്റുകളെ സർക്കാർ അടുത്ത കാലത്താണ് ഇന്ത്യയിൽ നിരോധിച്ചത്). ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ (ബീഫിന്റെ നിരോധനം) എന്നിങ്ങനെ ഇഷ്ട്ടങ്ങളെ തുടർച്ചയായി വിവിധ മേഖലകളിൽ നിയന്ത്രിക്കുന്ന അപകടകരമായ സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുന്നു. തനിക്കു തന്റെ മതവും വിശ്വാസവും എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെയാണ് അപരനു അവന്റെതും എന്ന് പൊതുജനങ്ങൾ മനസ്സിലാക്കുന്നതായി കാണുന്നില്ല. അതിനർത്ഥം അവരെ ഈ തിരിച്ചറിവിൽ നിന്ന് എന്തോ തടയുന്നു എന്നാണ്. ഇവിടെയാണ്‌ വിഷയത്തിനു രാഷ്ട്രീയ മാനം കൈവരുന്നത്. അപരന്റെ ഇഷാനിഷ്ട്ടങ്ങളെ മനസ്സിലാക്കുന്നതിൽ നിന്നും ബഹുമാനിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ വിലക്കുന്നതിൽ വർഗീയ തത്വശാസ്ത്രം പേറുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ട്. സ്വന്തം സാംസ്കാരിക മഹിമയെ വാഴ്ത്തുകയും അപരന്റെ സംസ്ക്കാരത്തെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ പൊതുസമൂഹത്തിൽ വിഭജനത്തിന്റെ വിത്തു വിതയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. തങ്ങളുടെ സംസ്കാരമാണ് ഏറ്റവും മഹനീയമെന്നും വിമർശിക്കുവാൻ തക്ക അതിലൊന്നുമില്ലെന്നുമുള്ള ഒരു തെറ്റുധാരണ പൊതുജനത്തിന് കൈവരുന്നു. കൂടാതെ അപരന്റെ വിശ്വാസങ്ങൾ തെറ്റാണെന്നും അവരുടെ സംസ്ക്കാരം നശിപ്പിക്കപെടെണ്ടതാണെന്നും അവർ ചിന്തിച്ചു തുടങ്ങുന്നു. ഇത്തരം സാഹചര്യങ്ങൾ പിന്നീട് കൂട്ട കുരുതിയിലേക്കും സമൂലനാശത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വിമർശനങ്ങളെ പ്രോൽസാഹിപ്പിക്കാത്ത, വ്യക്തിഗത സ്വാതന്ത്ര്യങ്ങൾക്കു വിലകൽപ്പിക്കാത്ത ഒരു സമൂഹത്തിനും സമാധാനത്തെ സ്വപ്നം കാണാൻ സാധിക്കില്ല.

                                                                           ഇഷ്ട്ടവും അനിഷ്ട്ടവും, സ്നേഹവും വെറുപ്പും നിസ്സാരമായ വിഷയങ്ങളായി തോന്നുമെങ്കിലും അതങ്ങനെയല്ലാ എന്ന് ഓർമിക്കുന്നത്‌ നല്ലതാണ്. കാരണം സ്വന്തം ഇഷ്ട്ടങ്ങളെ പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകൾ കൊലചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. ഒരു പുരുഷന് മറ്റൊരു പുരുഷനെയോ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെയോ പ്രണയിച്ചു കൂടായെന്നു നമ്മുടെ രാജ്യത്തെ നിയമം നമ്മളോട് പറയുമ്പോൾ, ഇഷ്ട്ടങ്ങളെ എങ്ങനെ നിസ്സാരവൽക്കരിക്കാൻ സാധിക്കും. പരസ്പ്പരം ഇഷ്ട്ടപെട്ടു എന്ന തെറ്റിനു യുവതീ യുവാക്കൾ ഒരു ഗ്രാമം മുഴുവൻ നോക്കി നിൽക്കേ കൊലചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ  സ്നേഹത്തെ വ്യക്തിപരമായ ഒരനുഭൂതിയായി മാത്രം നമുക്ക് എങ്ങനെ കണക്കാക്കുവാൻ സാധിക്കും. ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കുവാനോ ഇഷ്ട്ടമുള്ളതുവരെ പഠിക്കുവാനോ അനുവാദമില്ലാത്ത വലിയൊരു വിഭാഗം സ്ത്രീകളുള്ള ഒരു സമൂഹത്തിൽ 'ഇഷ്ട്ടം' രാഷ്ട്രീയ സാമൂഹിക മാനങ്ങളുള്ള ഗഹനമായ വിഷയം തന്നെയാണ്. രാഷ്ട്രീയവും മതവും ചരിത്രവും സദാചാര ബോധവുമെല്ലാം കൂടി കലർന്ന് ഇഷ്ട്ടം അനിഷ്ട്ടകരമാായ ഒരു വിഷയമായി മാറിയോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തിൽ ഒരു കാലത്തും അത്ര നിസ്സാരമായ ഒരു പ്രതിഭാസമായിരുന്നില്ല. സ്നേഹത്തിനും ഇഷ്ടങ്ങൾക്കും വേണ്ടി മനുഷ്യൻ ചിലവഴിച്ച ഊർജത്തിന്, താണ്ടിയ ദൂരത്തിന് സമാനതകളില്ല. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന കാരണമാണ് സ്നേഹം. അർത്ഥ ശൂന്യമായ ജീവിതത്തിന്റെ പ്രത്യാശയാണ് സ്നേഹം. മനുഷ്യനു ഇനിയും പിടികിട്ടിയിട്ടില്ലാത്ത അവന്റെ അസ്തിത്വത്തിന്റെ നിഗൂഡതയാണ് സ്നേഹം. അതിനെ കണ്ടെത്താനുള്ള ഒടുങ്ങാത്ത അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

(പോണ്ടിച്ചേരി  സർവ്വകലാശാലയിൽ  എം. എ  സോഷിയോളജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Saturday, 17 October 2015

സ്ത്രീ ഇടപെടലുകൾ; നവ മാദ്ധ്യമങ്ങളിലും സമൂഹത്തിലും.


                                                                                                 അഞ്ജലി ഗംഗ 
 

സമൂഹം ഇതുവരെ സ്ത്രീകള്‍ക്ക് നിഷിദ്ധമായി കരുതിയതൊക്കെ പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണെന്നു അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിനും,എഴുത്തിനും,ന്യായമായ ആവശ്യങ്ങള്‍ക്കും തടയിടുന്ന പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ടാണ് നവ സ്ത്രീ സമൂഹം വളര്‍ന്നു വരുന്നത്. മതം സ്ത്രീകളെ മാറ്റിനിര്‍ത്തിയെങ്കില്‍ അത് എന്ത് കൊണ്ട് എന്നതിനുള്ള ചോദ്യവും മറുപടിയായി പ്രതിഷേധങ്ങളും രൂപം പ്രാപിക്കുന്നുണ്ട്. 

 ഒരു കാലഘട്ടത്തിലെ സമരരീതികളില്‍ നിന്നും എത്ര വ്യത്യസ്തമായിട്ടാണ് ഇപ്പോഴത്തെ സമരങ്ങളുടെ കിടപ്പ്. പ്രതികരണവും പ്രതിഷേധങ്ങളും പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ള പഴഞ്ചന്‍ ചിന്താഗതിയില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഓരോ സമരങ്ങളും മുന്നോട്ടു വരുന്നത്. സ്ത്രീകളുടെ പ്രാതിനിധ്യവും സമൂഹ മാധ്യമങ്ങളുടെ വലിയ പിന്താങ്ങലും ഒക്കെ കൂടി ചേര്‍ന്ന് തികച്ചും പ്രശംസാഹര്‍ഹാമാണ് ഇപ്പോഴത്തെ സമരങ്ങള്‍ ഒക്കെയും.
         സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ അതിര്‍വരമ്പുകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു  ആദ്യം ചുബന സമരം നടന്നത്. ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും ചുംബിക്കാന്‍ സദാചാര ഗുണ്ടകളെ ഭയക്കേണ്ടതില്ലെന്നും. ആര്‍ഷ ഭാരത സംസ്കാരമെന്ന പേരില്‍ നടത്തുന്ന പ്രഹസനങ്ങളെ മുളയിലെ നുള്ളണമെന്നും, സാംസ്കാരിക ഫാസിസത്തിനെതിരെ നല്ല തോതിലുള്ള ചെറുത്തുനില്‍പ്പ്‌ ആവശ്യമാണെന്നുമുള്ള ആശയങ്ങളായിരുന്നു ഈ സമരത്തിന്‍റെ അടിസ്ഥാനം. മേല്‍പ്പറഞ്ഞ പോലെ തന്നെ സ്ത്രീകളും സമൂഹ മാധ്യമവും ഈ സമരത്തിലും അതിന്‍റെതായ പങ്കു വഹിച്ചിരുന്നു.

            ചുംബന സമരത്തിനു ശേഷം മലയാളികള്‍ക് അപരിചിതമായിരുന്ന സമരരീതികള്‍ ആയിരുന്നു പിന്നീട് ഉണ്ടായത്. മതമൌലികവാദികളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഈ സമരങ്ങള്‍ ഒക്കെ എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.  ഒരു കാലഘട്ടത്തില്‍ സാമൂഹിക ജീവിതം നയിക്കാന്‍ മനുഷ്യന് അനുയോജ്യമായ ഒരു ജീവിത രീതി എന്ന നിലയില്‍ തുടങ്ങിയ കാഴ്ച്ചപാടാണ് മതം. പക്ഷെ ആധുനിക സമൂഹത്തില്‍ അവയില്‍ പല കാഴ്ചപ്പാടുകളും കാലഹരണപ്പെട്ടവയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ടു വാണിരുന്ന പുരുഷാധിപത്യ പൂച്ചുകളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു പുതുതായി ഉടലെടുത്ത സമരങ്ങള്‍.
               
 കൊച്ചിയിലെ റബ്ബര്‍ ഫാക്ടറിയില്‍ നടന്ന സമരമായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലും വലിയ തോതില്‍ പ്രകമ്പനം സൃഷ്ടിച്ചത്. നാപ്കിന്‍ പാഡുകള്‍ ബാത്ത്റൂമില്‍ കണ്ടതിനെ തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി പരിശോധിച്ചു. ഇതേ തുടര്‍ന്ന് കാലാകാലങ്ങളായി മതവും സമൂഹവും ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന അനാചാരങ്ങള്‍ കൂടുതല്‍ ചര്‍ച്ച വിഷയമായി. റബ്ബര്‍ ഫാക്ടറിയില്‍ പിന്നീട് എത്തിയ കത്തുകളില്‍ നാപ്കിന്‍ പാടുകളുടെ ഒരു വലിയ കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു.
                                       ഈ വിഷയം കൂടുതല്‍ പരിശോധിച്ചാല്‍ കാണാവുന്നത് ഒന്നാണ്. പണ്ട് സ്വന്തം ആര്‍ത്തവത്തെയും അവയവങ്ങളെയും കുറിച്ച് പറയാന്‍ മടിച്ചിരുന്ന സ്ത്രീ സമൂഹം തങ്ങളുടെ നേരെ നിലനിന്നു പോരുന്ന അനാചാരങ്ങള്‍ക്ക് എതിരെ നല്ല രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല സമൂഹ മാധ്യമങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളും ഇതേപോലുള്ള നീചമായ പ്രവര്‍ത്തികള്‍ക്ക് നേരെ കണ്ണടച് വിമര്‍ശിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
          പിന്നീട് നടന്നത് കല്യാണ്‍ സാരീസ് സമരമായിരുന്നു. കുത്തകമുതലാളിമാര്‍ സ്ത്രീ തൊഴിലാളി വര്‍ഗത്തെ എത്രമാത്രം ചൂഷണം ചെയ്യുന്നു എന്ന് വിളിച്ചറിയിച്ച സമരമായിരുന്നു അത്. 8 മണിക്കൂറില്‍ കൂടുതല്‍ ജോലിയും,ഇരിക്കാന്‍ പോലും അനുവാദമില്ലാതെ പണിയെടുക്കേണ്ടി വരികയും, കുറച്ചു നേരം വിശ്രമിച്ചാല്‍ ആകെകിട്ടുന്ന 5000 രൂപയില്‍ നിന്നും 1000 കുറയ്ക്കുന്ന അവസ്ഥയും, വിസര്‍ജ്ജനത്തിനു പോലും അനുവദിക്കാതെ പണിയെടുപ്പികുകയും ചെയ്തു പോന്നിരുന്ന കടയുടെ നേര്‍ക്ക് സ്ത്രീ തൊഴിലാളികല്‍ ഒരു രാഷ്ട്രീയപിന്തുണയുമില്ലാതെ ഇരിപ്പ് സമരത്തിലൂടെ മുന്നോട്ട് വരികയുണ്ടായി. തങ്ങള്‍ക്ക് വേണ്ട വിശ്രമവും വേദനവും ന്യായമായ ആവശ്യമാണെന്നും,കുടുംബങ്ങളെ പോറ്റാന്‍ കടകളില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നത് മുതലെടുക്കുകയാണെങ്കില്‍ സംഘടിതമായി അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാവുമെന്നും അവര്‍ തെളിയിച്ചു. തൊഴിലാളിവര്‍ഗ സമരങ്ങളില്‍ സ്ത്രീകളുടെ നിര്‍ണായമായ പങ്കു വെളിപെടുത്തുന്ന ഒരു സമരം തന്നെയായിരുന്നു ഇത്.
                                                    പിന്നീട് സമൂഹ മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീ വ്യക്തിത്വമാണ് പ്രീത. ജി സുധാകരന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്തിയ അവര്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് തികച്ചും അപലപനീയമായ അവസ്ഥകളാണ്. അക്കൗണ്ട്‌ പല തവണ ഹാക്ക് ചെയ്യപെടുകയും, മാനസികപരമായി സഖാക്കള്‍ അവരെ നിരന്തരമായി വേട്ടയാടപ്പെടുകയും ഉണ്ടായി. സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പ്രീതയ്ക്കൊപ്പം നില്‍ക്കുന്നു എന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമകാലിക വിഷയങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തടയിടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഈ സംഭവം തെളിയിച്ചു.
പിന്നീട് സ്ത്രീകളുടെ സമരത്തില്‍ എടുത്തു നിന്നത് മൂന്നാര്‍ പെമ്പിള ഒരുമൈ സമരവും സീമാസ് സമരവുമാണ്. കണ്ണന്‍ ദേവന്‍ മലനിരകളില്‍ കുളയട്ടയുടെ ചോരയൂറ്റല്‍ വകവെയ്ക്കാതെ കൊളുന്തു നുള്ളിയിരുന്ന സ്ത്രീകള്‍ക്ക് ന്യായമായ വേദനം ആവശ്യമാണെന്ന നിലപാടില്‍ ഉടലെടുത്ത സമരം തികച്ചും രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണയില്ലാതെയാണ് മുന്നോട്ട് വന്നത്.  അതിനിടയില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആള്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും അത് നല്ല രീതിയില്‍ തന്നെ പരാജയപ്പെടുകയാണ് ഉണ്ടായത്. സര്‍ക്കാറിന്റെ കബളിപ്പിക്കലില്‍ സമരം അവസാനിച്ചു എങ്കിലും അവര്‍ പിന്നീട് അത് മനസ്സിലാക്കി വീണ്ടും സമര മുഖത്തേക്ക് എത്തി.
                                     
                                           കല്യാണ്‍ സാരീസില്‍ ഉണ്ടായ പോലെയുള്ള അതേ സമരരീതിയാണ് സീമാസിലും ഉണ്ടായത്. ഒരുപക്ഷെ ഈ സമരത്തില്‍ മാത്രമായിരിക്കണം കമ്മ്യൂണിസ്റ്റ് പാര്‍ടിയ്ക്ക് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചത്.
          മാധ്യപ്രവര്‍ത്തകയായ ജിഷ എലിസബത്തിനു നേരെ നടന്ന സദാചാര ഗുണ്ടായിസവും സമൂഹ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പുരോഗമന പ്രസ്ഥാനം എന്ന് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ തന്നെ ഈ പ്രവര്‍ത്തികള്‍ ചെയ്തുവെന്നത് തികച്ചും ശോചനീയമാണ്. സ്വന്തം ഭര്‍ത്താവിന്‍റെ ഓഫീസില്‍ അസ്വാസ്ഥ്യം മൂലം കേറി ചെന്നതിനെ ആഭാസകരമായ രീതിയില്‍ ചിത്രീകരിച്ചതിനെതിരെ ജിഷ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ അവിടെയും വലിയ തോതിലുള്ള പിന്തുണ അവര്‍ നേടിയെടുത്തു.
           പിന്നീട് ബ്രഹ്മവിഹാരിസ് ദാസ്‌ സ്വാമി പങ്കെടുക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ അത് വിവര്‍ത്തനം ചെയ്ത സ്ത്രീയെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞതോടെ ശ്രീദേവി കര്‍ത്തയും സമൂഹമാധ്യമത്തിലെ സ്ത്രീ ഇടപെടലുകളില്‍ മുന്നോട്ടു വന്നു. മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ Transcendence My Spiritual Experience with Pramukh Swamiji ബുക്കിന്റെ പ്രകാശന ചടങ്ങിനാണ് പ്രസ്തുത സ്വാമി ഇങ്ങിനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്. സമൂഹ മാധ്യമമായ ഫേസ്‌ബൂകിലൂടെ ശ്രീദേവി ഒരു കുറിപ്പെഴുതി ഇടുകയും, അപ്പോള്‍ തന്നെ സംഭവം ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പെണ്ണിനെ പുറത്തുനിര്‍ത്തുന്ന എഴുത്തുകള്‍ ഞങ്ങള്‍ക്ക് വേണ്ട എന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രതിഷേധ കുറിപ്പുകള്‍ പിറന്നത്. അടുത്ത ദിവസം അകാടെമിക് ഹാള്‍ സ്ത്രീകളെ കൊണ്ട് നിറയുകയും ചെയ്തു. സവര്‍ണ്ണമേധാവിത്വ പുരുഷമേധാവിത്വ ചിന്തകള്‍ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഈ സംഭവം.
                                            ഇങ്ങു അവസാനമായി ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ചു, കേരള വര്‍മ കോളേജ് നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ബീഫ് ഫെസ്ടിവലിനെ അനുകൂലിച്ചും പ്രസ്താവന ഇട്ട ദീപ ടീച്ചറിനെ മാനേജ്മെന്റ് അധികൃതര്‍ നീകം ചെയ്യുമെന്നായപ്പോള്‍ സമൂഹ മാധ്യമം ഒന്നടങ്കം അവരുടെ ഒപ്പം നിന്നു.
                                       മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ മുഴുവനും സ്ത്രീസമൂഹം നവമാധ്യമങ്ങളെ തങ്ങളുടെ അഭിപ്രായങ്ങളും,കാഴ്ചപാടുകളും,ഉന്നമനത്തിനും വേണ്ടി തികച്ചും പ്രശംസാഹര്‍ഹാമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് കാണാന്‍ സാധിക്കും. സമൂഹ മാധ്യമങ്ങളില്‍ മാത്രമാകാതെ സംഘടിത തൊഴിലാളി വര്‍ഗ്ഗ സമരങ്ങളിലും സ്ത്രീകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് എന്ന് സീമാസ്,കല്യാണ്‍,മൂന്നാര്‍ സമരങ്ങളും തെളിയിക്കുന്നുണ്ട്.
                         സമൂഹം ഇതുവരെ സ്ത്രീകള്‍ക്ക് നിഷിദ്ധമായി കരുതിയതൊക്കെ പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണെന്നു അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിനും,എഴുത്തിനും,ന്യായമായ ആവശ്യങ്ങള്‍ക്കും തടയിടുന്ന പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ടാണ് നവ സ്ത്രീ സമൂഹം വളര്‍ന്നു വരുന്നത്. മതം സ്ത്രീകളെ മാറ്റിനിര്‍ത്തിയെങ്കില്‍ അത് എന്ത് കൊണ്ട് എന്നതിനുള്ള ചോദ്യവും മറുപടിയായി പ്രതിഷേധങ്ങളും രൂപം പ്രാപിക്കുന്നുണ്ട്. തൊഴിലാളി മേഖലയില്‍ തുല്യതയെ പിന്താങ്ങുന്ന ലിഖിതനിയമങ്ങള്‍ ഉണ്ടായിട്ടുകൂടിയും അവ കടലാസുകളില്‍ ഒതുങ്ങിപോവുകയാണ് പതിവ്. ഈ പതിവ് രീതികളെ ചോദ്യം ചെയ്തു കൊണ്ടാണ് സമരങ്ങളില്‍ സ്ത്രീ ഇടപെടലുകള്‍ ഉണ്ടാകുന്നത്. സ്ത്രീശാക്തീകരണ ചിന്തങ്ങള്‍ വളര്‍ന്നു പന്തലിച്ചിട്ടും നമ്മുടെ രാജ്യത്ത് വലിയ തോതില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ അതിനു സാധിച്ചില്ല എന്നുണ്ടെങ്കില്‍ ജനങ്ങള്‍ മതങ്ങളുടെ മതിലുകള്‍ക്കപ്പുറതേക്ക് ചിന്തിച്ചു തുടങ്ങിയിട്ടില്ല എന്ന് തന്നെ പറയേണ്ടിരിയിക്കുന്നു.
സ്വന്തമായ അഭിപ്രായങ്ങളും,ചിന്തകളും,അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെല്‍പ്പുള്ള സ്ത്രീകളെ അഹങ്കാരി എന്ന് മുദ്രകുത്താന്‍ സമൂഹത്തിനു വളരെയെളുപ്പമാണ്.പക്ഷെ സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ പരിധിയളക്കാന്‍ കഴിയുന്ന ഒരുവള്‍ക്ക് മാത്രമാണ് സമൂഹം തന്നിലേല്‍പ്പിച്ചിരിക്കുന്ന “അരുത്” കളുടെ അളവളക്കാന്‍ സാധിക്കുന്നത്. പുതിയതായി രൂപം കൊണ്ട സ്ത്രീ സമരങ്ങളില്‍ പുരുഷന്മാരുടെ അഭിനന്ദാതാര്‍ഹമായ പിന്തുണയും ഉണ്ടായിരുന്നു എന്നത് ആവേശം പകരുന്നതാണ്.
                                  സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയൊരു വേദി തന്നെയാണ് തുറന്നു കിട്ടുന്നത്. അവര്‍ക്ക്,അവരുടെ ചിന്തകളെ അഭിപ്രായങ്ങളെ തുറന്നു സംവദിക്കാന്‍ കഴിയുന്നു. സ്ത്രീകളെ ഒഴിവാക്കപ്പെടുന്ന ഇടങ്ങളിലും പ്രശ്നങ്ങളിലും കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്ക് കഴിയുന്നു. പുതിയതായി രൂപം പ്രാപിച്ച ഈ നവ സ്ത്രീ പ്രസ്ഥാനങ്ങള്‍ അവരുടെ സ്വാതന്ത്ര്യബോധത്തെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കും. വളര്‍ന്നു വരുന്ന സ്ത്രീകള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതെ ജീവിക്കാന്‍ ഈ സമരങ്ങള്‍ ഉതകുമെന്ന് യാതൊരു സംശയവുമില്ല. ഇനിയും സ്ത്രീകള്‍ക്ക് നേരെയുതിരുന്ന അതിക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരട്ടെ. പക്ഷെ സമൂഹ മാധ്യമങ്ങളില്‍ മാത്രമൊതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കൂടി അത് വഴി വെയ്ക്കണമെന്ന് മാത്രം. 

Sunday, 11 October 2015

തുടക്കം




                                                                                                  പോൾ ചിറപ്പാടൻ 



                                            ഞങ്ങൾ  എല്ലാവരുംകൂടി  ഇങ്ങനെ വെറുതെ ഇരുന്നു ആലോചിച്ചപ്പോൾ തോന്നിയ ഒരു ആശയമാണ് ഒരു ചർച്ചയ്ക്കുള്ള വേദി  അങ്ങ് തുറന്നാലോ എന്നു. ഒരു  ഓണ്‍ലൈൻ ബ്ലോഗ്‌. ഇതു നമ്മുടെ താടിക്കാരൻ മോദി ചേട്ടന്റെ " ഡിജിറ്റൽ ഇന്ത്യ" കൊപ്രായത്തിന്റെ ഭാഗമായ്ട്ടാനെന്നു ആരും തെറ്റിദ്ധരിക്കേണ്ട. അല്ലേലും നമ്മുടെ പോസ്റ്റുകൾക്ക്‌ 'ലൈക്‌' അടിച്ചാണല്ലോ പുള്ളിക്കാരൻ കളി തുടങ്ങിയത്!  അതുപ്പോട്ടെ, സംഭവം ഇതാണ്, പ്രാധാന്യം കിട്ടാതെ പോകുന്നതും, പ്രാധാന്യത്തോടെ എല്ലാവരും സംസരിക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ ആശയങ്ങളുടെ തണലിൽ എഴുതി അറിയിക്കും. ' ബീഫ്' മുതൽ 'പോർക്ക്‌'  വരെയുള്ള കാര്യങ്ങൾ. അതാകുമ്പോൾ 'അതിശയിപ്പിക്കുന്ന' (incredible) ഇന്ത്യയുടെ എല്ലാ മേഖലയും ഉൾപ്പെടുത്താൻ സാധിക്കും. ഉദാഹരണത്തിനു , " മൂന്നാറിലേ പെണ്‍ സമരം! സംഭവം കലക്കി കളഞ്ഞു .! ഫ്ലെക്സ് ബോർഡുകളിൽ ഇളിച്ചോണ്ടിരുന്ന രാഷ്ട്രീയ അടവുകാർക്ക് എല്ലാം പണിക്കിട്ടി. അമ്മാതിരി സമരം. അത് കേവലം വേധനവർദ്ധനവിനു മാത്രം വേണ്ടിയാണെന്നാണ് എല്ലാരും കരുതിയിരിക്കുന്നത് . പക്ഷെ അതിൽ മറഞ്ഞിരിക്കുന്ന ചില  കാര്യങ്ങൾ  ഉണ്ട്..  കൊളോണിയൽ   കാലഘട്ടത്തിൽ അടിമകളായിരുന്നവർ സ്വാതന്ത്യ്രലെബ്ധിക്കു  ശേഷം തൊഴിലാളികൾ  ആയി മാറ്റപ്പെട്ടുവെങ്കിലും അവരുടെ പൗരാധികാരം ചോദ്യം ചെയ്യപ്പെട്ടു. നിലനില്‍പ്‌ ഭീഷണിലായി. ചരിത്രപ്രധാന്യമുള്ള ഈ സമരത്തിന്റെ സര്‍വ്വപ്രധാനസംഗതികളെ അറിയേണ്ടതും സംസാരിക്കേണ്ടതും, പ്രതികരിക്കേണ്ടതും നമ്മുടെ ധാര്‍മ്മികമായ കടമയാണ്. എന്തായാലും വഴി നീളെ കെട്ടിപ്പോക്കിയ 5 കോടിയുടെയും 10 കോടിയുടെയും ഫ്ലെക്സ് ബോർഡുകൾ ചെരുപ്പുകുത്തികൾ തണലിനായി അഴിച്ചു കെട്ടി!! ( അതുകൊണ്ട് ഉപകാരം ഉണ്ടായ ചുരുക്കം ചിലർ .)...
                                                                 പിന്നെ വേരെയൊരു ഉദാഹരണം, ഈ അമ്മ അയച്ച കുറച്ചു കത്തുകളാണ്. ( എന്റെ അമ്മ അല്ലാട്ടോ. എന്റെ 'അമ്മയെ' ഞാൻ 'മമ്മിനാ' വിളിക്കണെ!). ഹാ ! നമ്മുടെ ജയലളിതാമ്മ മോദിജിക്ക്‌ അയച്ച കത്തിന്റെ കാര്യമാ പറഞ്ഞെ. അത് ഏതു വിലാസത്തിലാണോ, എത് രാജ്യത്തേക്കാണോ അയച്ചതെന്ന് നിശ്ചയമില്ല. അമേരിക്കയിലേക്ക് പോകുന്നവരുടെ കൈയ്യിൽ ചില കത്തുകൾ  കൊടുത്തു എന്നാണ് കേട്ടത്. വഴിക്കുവച്ചെങ്ങാനും കണ്ടാൽ കൊടുക്കാലോ.! മോദിജിയുടെ കാര്യം അങ്ങനാണ്. ' ചിന്നവീട്ടിൽ വന്നു പോകുന്നതുപ്പോലെ ഇരുട്ടിന്റെ മറപ്പറ്റി സ്വദേശത്തു  വന്നു പോകും.സദാചാരക്കാരായ  പ്രതിപക്ഷകക്ഷികൾ കണ്ടുപിടിച്ചാൽ ഭാഗ്യം. അപ്പോൾ നമ്മൾ പറഞ്ഞുവന്നത് കത്ത് . അത് നമ്മുടെ ശ്രീലങ്കയിൽ ജയിലിൽ കഴിയുന്ന മീന്‍പിടുത്തക്കാരെ വിട്ടുക്കിട്ടുന്നതിനെക്കുറിച്ചാണ്. രാഷ്ട്രിയമുതലെടുപ്പ്‌  ലക്ഷ്യമിട്ടാനെങ്കിലും കത്ത് അയച്ചത് പ്രാധാന്യമുള്ള  കാര്യത്തിനാണ്. പക്ഷെ ആഗോളവത്കരണത്തിന്റെ തിരയിൽ പ്പെട്ടുപോയ മാധ്യമങ്ങൾ ചെറിയ ഒരു കോളത്തിൽ 'വലിയ' വാർത്ത‍ കൊടുത്തായിരുന്നു.( അന്ന് പരസ്യമൊന്നും കിട്ടാത്തോണ്ടാട്ടോ). ' ഇമ്മണി ബല്യ വാർത്ത‍' .അപ്പോ അത് അങ്ങനെ!.
                   പിന്നെ എല്ലാവർക്കും  മാമൂലായ ചില വാർത്തകൾ  ഉണ്ടല്ലോ. ബീഫ് തിന്നെന്ന, ക്ഷമിക്കണം ,' ദൈവത്തെ തിന്നെന്ന കാരണത്താൽ 'തല്ലിക്കൊന്നു'. അത് അങ്ങ് യു .പി യിലെ ബിസാധാ ഗ്രാമത്തിലെ മധ്യവയസ്‌കനായ അകലഖ് എന്ന  'വിശ്വപൗരനെ'.  ഇതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടണില്ല.. സംഭവം നമ്മളീ പോളിടെക്നിക്കൊന്നും പഠിച്ചിട്ടില്ലാലോ. അപ്പോ  പിന്നെ പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ലാലോ. കാര്യമെന്തൊക്കെപ്പറഞ്ഞാലും നമ്മുടെ ഹജിയാർക്കും, പട്ടക്കാർക്കും, ബീഫ് ഇല്ലാണ്ട് എന്ത്  'സ്വര്‍ഗ്ഗരാജ്യം'. 
                           അതേസമയം ഇതൊന്നും അറിയാണ്ട് ഒരാൾ. സംഭവം ദളിതനാന്ന പറയണേ. ഞാൻ അല്ലാ.. ഈ ശരീരത്തു  വെള്ളനൂല് കെട്ടിയ മൂത്ത  സാധനങ്ങൾ ഇല്ലേ ?? അവരാട്ടോ !. പുള്ളി ദൈവത്തെ തേടി ഒന്നു  ക്ഷേത്രത്തിൽ പോയതാ. 'തത്ത്വമസ്സി' എന്നൊക്കെ ഇവിടെയല്ലേ ഉള്ളു.. അല്ലാ ഉണ്ടായതുക്കൊണ്ടും കാര്യമില്ലാലോ. നേരാവണ്ണം വിദ്യാഭ്യാസം കൊടുക്കണം. ഇപ്പോഴും പഴസുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന സില്ലബ്സ് പറയണേ! അങ്ങനെ ദൈവത്തെ തേടി പോയവന്റെ കാര്യം കട്ട സീൻ. 'ശംഭോ  മഹാദേവാ'... 
                                                 അപ്പൊ പറഞ്ഞുവന്നത്, സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങൾ, നിങ്ങളുടെ അനുഭവങ്ങൾ , സിനിമ നിരൂപണങ്ങൾ , പുസ്തകാവലോകനങ്ങൾ തുടങ്ങിയവ എല്ലാം ഇതിൽ വിഷയമാക്കാം. അതിപ്പോ നർമ്മരൂപത്തിലോ, സ്വന്തം തത്ത്വചിന്തയുടെ അടിസ്ഥാനത്തിലോ എന്തുതന്നെ ആയാലും കുഴപ്പമില്ല...

NB: സിലബസ് ചർച്ച  ചെയുന്നതല്ല ......
                                                                  അപ്പൊ നുമ്മ  പൊളിക്കും ..! 

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.

  ആഗ്നസ് മറിയ ആന്റണി  agnusmaria007@gmail.com അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാ...