Saturday, 17 October 2015

സ്ത്രീ ഇടപെടലുകൾ; നവ മാദ്ധ്യമങ്ങളിലും സമൂഹത്തിലും.


                                                                                                 അഞ്ജലി ഗംഗ 
 

സമൂഹം ഇതുവരെ സ്ത്രീകള്‍ക്ക് നിഷിദ്ധമായി കരുതിയതൊക്കെ പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണെന്നു അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിനും,എഴുത്തിനും,ന്യായമായ ആവശ്യങ്ങള്‍ക്കും തടയിടുന്ന പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ടാണ് നവ സ്ത്രീ സമൂഹം വളര്‍ന്നു വരുന്നത്. മതം സ്ത്രീകളെ മാറ്റിനിര്‍ത്തിയെങ്കില്‍ അത് എന്ത് കൊണ്ട് എന്നതിനുള്ള ചോദ്യവും മറുപടിയായി പ്രതിഷേധങ്ങളും രൂപം പ്രാപിക്കുന്നുണ്ട്. 

 ഒരു കാലഘട്ടത്തിലെ സമരരീതികളില്‍ നിന്നും എത്ര വ്യത്യസ്തമായിട്ടാണ് ഇപ്പോഴത്തെ സമരങ്ങളുടെ കിടപ്പ്. പ്രതികരണവും പ്രതിഷേധങ്ങളും പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ള പഴഞ്ചന്‍ ചിന്താഗതിയില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഓരോ സമരങ്ങളും മുന്നോട്ടു വരുന്നത്. സ്ത്രീകളുടെ പ്രാതിനിധ്യവും സമൂഹ മാധ്യമങ്ങളുടെ വലിയ പിന്താങ്ങലും ഒക്കെ കൂടി ചേര്‍ന്ന് തികച്ചും പ്രശംസാഹര്‍ഹാമാണ് ഇപ്പോഴത്തെ സമരങ്ങള്‍ ഒക്കെയും.
         സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ അതിര്‍വരമ്പുകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു  ആദ്യം ചുബന സമരം നടന്നത്. ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും ചുംബിക്കാന്‍ സദാചാര ഗുണ്ടകളെ ഭയക്കേണ്ടതില്ലെന്നും. ആര്‍ഷ ഭാരത സംസ്കാരമെന്ന പേരില്‍ നടത്തുന്ന പ്രഹസനങ്ങളെ മുളയിലെ നുള്ളണമെന്നും, സാംസ്കാരിക ഫാസിസത്തിനെതിരെ നല്ല തോതിലുള്ള ചെറുത്തുനില്‍പ്പ്‌ ആവശ്യമാണെന്നുമുള്ള ആശയങ്ങളായിരുന്നു ഈ സമരത്തിന്‍റെ അടിസ്ഥാനം. മേല്‍പ്പറഞ്ഞ പോലെ തന്നെ സ്ത്രീകളും സമൂഹ മാധ്യമവും ഈ സമരത്തിലും അതിന്‍റെതായ പങ്കു വഹിച്ചിരുന്നു.

            ചുംബന സമരത്തിനു ശേഷം മലയാളികള്‍ക് അപരിചിതമായിരുന്ന സമരരീതികള്‍ ആയിരുന്നു പിന്നീട് ഉണ്ടായത്. മതമൌലികവാദികളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഈ സമരങ്ങള്‍ ഒക്കെ എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്.  ഒരു കാലഘട്ടത്തില്‍ സാമൂഹിക ജീവിതം നയിക്കാന്‍ മനുഷ്യന് അനുയോജ്യമായ ഒരു ജീവിത രീതി എന്ന നിലയില്‍ തുടങ്ങിയ കാഴ്ച്ചപാടാണ് മതം. പക്ഷെ ആധുനിക സമൂഹത്തില്‍ അവയില്‍ പല കാഴ്ചപ്പാടുകളും കാലഹരണപ്പെട്ടവയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ടു വാണിരുന്ന പുരുഷാധിപത്യ പൂച്ചുകളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു പുതുതായി ഉടലെടുത്ത സമരങ്ങള്‍.
               
 കൊച്ചിയിലെ റബ്ബര്‍ ഫാക്ടറിയില്‍ നടന്ന സമരമായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിലും സ്ത്രീ സ്വാതന്ത്ര്യത്തിലും വലിയ തോതില്‍ പ്രകമ്പനം സൃഷ്ടിച്ചത്. നാപ്കിന്‍ പാഡുകള്‍ ബാത്ത്റൂമില്‍ കണ്ടതിനെ തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി പരിശോധിച്ചു. ഇതേ തുടര്‍ന്ന് കാലാകാലങ്ങളായി മതവും സമൂഹവും ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന അനാചാരങ്ങള്‍ കൂടുതല്‍ ചര്‍ച്ച വിഷയമായി. റബ്ബര്‍ ഫാക്ടറിയില്‍ പിന്നീട് എത്തിയ കത്തുകളില്‍ നാപ്കിന്‍ പാടുകളുടെ ഒരു വലിയ കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു.
                                       ഈ വിഷയം കൂടുതല്‍ പരിശോധിച്ചാല്‍ കാണാവുന്നത് ഒന്നാണ്. പണ്ട് സ്വന്തം ആര്‍ത്തവത്തെയും അവയവങ്ങളെയും കുറിച്ച് പറയാന്‍ മടിച്ചിരുന്ന സ്ത്രീ സമൂഹം തങ്ങളുടെ നേരെ നിലനിന്നു പോരുന്ന അനാചാരങ്ങള്‍ക്ക് എതിരെ നല്ല രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് മാത്രമല്ല സമൂഹ മാധ്യമങ്ങളില്‍ സ്വന്തം അഭിപ്രായങ്ങളും ഇതേപോലുള്ള നീചമായ പ്രവര്‍ത്തികള്‍ക്ക് നേരെ കണ്ണടച് വിമര്‍ശിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
          പിന്നീട് നടന്നത് കല്യാണ്‍ സാരീസ് സമരമായിരുന്നു. കുത്തകമുതലാളിമാര്‍ സ്ത്രീ തൊഴിലാളി വര്‍ഗത്തെ എത്രമാത്രം ചൂഷണം ചെയ്യുന്നു എന്ന് വിളിച്ചറിയിച്ച സമരമായിരുന്നു അത്. 8 മണിക്കൂറില്‍ കൂടുതല്‍ ജോലിയും,ഇരിക്കാന്‍ പോലും അനുവാദമില്ലാതെ പണിയെടുക്കേണ്ടി വരികയും, കുറച്ചു നേരം വിശ്രമിച്ചാല്‍ ആകെകിട്ടുന്ന 5000 രൂപയില്‍ നിന്നും 1000 കുറയ്ക്കുന്ന അവസ്ഥയും, വിസര്‍ജ്ജനത്തിനു പോലും അനുവദിക്കാതെ പണിയെടുപ്പികുകയും ചെയ്തു പോന്നിരുന്ന കടയുടെ നേര്‍ക്ക് സ്ത്രീ തൊഴിലാളികല്‍ ഒരു രാഷ്ട്രീയപിന്തുണയുമില്ലാതെ ഇരിപ്പ് സമരത്തിലൂടെ മുന്നോട്ട് വരികയുണ്ടായി. തങ്ങള്‍ക്ക് വേണ്ട വിശ്രമവും വേദനവും ന്യായമായ ആവശ്യമാണെന്നും,കുടുംബങ്ങളെ പോറ്റാന്‍ കടകളില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നത് മുതലെടുക്കുകയാണെങ്കില്‍ സംഘടിതമായി അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാവുമെന്നും അവര്‍ തെളിയിച്ചു. തൊഴിലാളിവര്‍ഗ സമരങ്ങളില്‍ സ്ത്രീകളുടെ നിര്‍ണായമായ പങ്കു വെളിപെടുത്തുന്ന ഒരു സമരം തന്നെയായിരുന്നു ഇത്.
                                                    പിന്നീട് സമൂഹ മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീ വ്യക്തിത്വമാണ് പ്രീത. ജി സുധാകരന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ സ്വന്തമായ അഭിപ്രായം രേഖപ്പെടുത്തിയ അവര്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് തികച്ചും അപലപനീയമായ അവസ്ഥകളാണ്. അക്കൗണ്ട്‌ പല തവണ ഹാക്ക് ചെയ്യപെടുകയും, മാനസികപരമായി സഖാക്കള്‍ അവരെ നിരന്തരമായി വേട്ടയാടപ്പെടുകയും ഉണ്ടായി. സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പ്രീതയ്ക്കൊപ്പം നില്‍ക്കുന്നു എന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമകാലിക വിഷയങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തടയിടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഈ സംഭവം തെളിയിച്ചു.
പിന്നീട് സ്ത്രീകളുടെ സമരത്തില്‍ എടുത്തു നിന്നത് മൂന്നാര്‍ പെമ്പിള ഒരുമൈ സമരവും സീമാസ് സമരവുമാണ്. കണ്ണന്‍ ദേവന്‍ മലനിരകളില്‍ കുളയട്ടയുടെ ചോരയൂറ്റല്‍ വകവെയ്ക്കാതെ കൊളുന്തു നുള്ളിയിരുന്ന സ്ത്രീകള്‍ക്ക് ന്യായമായ വേദനം ആവശ്യമാണെന്ന നിലപാടില്‍ ഉടലെടുത്ത സമരം തികച്ചും രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണയില്ലാതെയാണ് മുന്നോട്ട് വന്നത്.  അതിനിടയില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആള്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും അത് നല്ല രീതിയില്‍ തന്നെ പരാജയപ്പെടുകയാണ് ഉണ്ടായത്. സര്‍ക്കാറിന്റെ കബളിപ്പിക്കലില്‍ സമരം അവസാനിച്ചു എങ്കിലും അവര്‍ പിന്നീട് അത് മനസ്സിലാക്കി വീണ്ടും സമര മുഖത്തേക്ക് എത്തി.
                                     
                                           കല്യാണ്‍ സാരീസില്‍ ഉണ്ടായ പോലെയുള്ള അതേ സമരരീതിയാണ് സീമാസിലും ഉണ്ടായത്. ഒരുപക്ഷെ ഈ സമരത്തില്‍ മാത്രമായിരിക്കണം കമ്മ്യൂണിസ്റ്റ് പാര്‍ടിയ്ക്ക് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചത്.
          മാധ്യപ്രവര്‍ത്തകയായ ജിഷ എലിസബത്തിനു നേരെ നടന്ന സദാചാര ഗുണ്ടായിസവും സമൂഹ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. പുരോഗമന പ്രസ്ഥാനം എന്ന് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ തന്നെ ഈ പ്രവര്‍ത്തികള്‍ ചെയ്തുവെന്നത് തികച്ചും ശോചനീയമാണ്. സ്വന്തം ഭര്‍ത്താവിന്‍റെ ഓഫീസില്‍ അസ്വാസ്ഥ്യം മൂലം കേറി ചെന്നതിനെ ആഭാസകരമായ രീതിയില്‍ ചിത്രീകരിച്ചതിനെതിരെ ജിഷ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ അവിടെയും വലിയ തോതിലുള്ള പിന്തുണ അവര്‍ നേടിയെടുത്തു.
           പിന്നീട് ബ്രഹ്മവിഹാരിസ് ദാസ്‌ സ്വാമി പങ്കെടുക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ അത് വിവര്‍ത്തനം ചെയ്ത സ്ത്രീയെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞതോടെ ശ്രീദേവി കര്‍ത്തയും സമൂഹമാധ്യമത്തിലെ സ്ത്രീ ഇടപെടലുകളില്‍ മുന്നോട്ടു വന്നു. മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുല്‍ കലാമിന്‍റെ Transcendence My Spiritual Experience with Pramukh Swamiji ബുക്കിന്റെ പ്രകാശന ചടങ്ങിനാണ് പ്രസ്തുത സ്വാമി ഇങ്ങിനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്. സമൂഹ മാധ്യമമായ ഫേസ്‌ബൂകിലൂടെ ശ്രീദേവി ഒരു കുറിപ്പെഴുതി ഇടുകയും, അപ്പോള്‍ തന്നെ സംഭവം ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പെണ്ണിനെ പുറത്തുനിര്‍ത്തുന്ന എഴുത്തുകള്‍ ഞങ്ങള്‍ക്ക് വേണ്ട എന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രതിഷേധ കുറിപ്പുകള്‍ പിറന്നത്. അടുത്ത ദിവസം അകാടെമിക് ഹാള്‍ സ്ത്രീകളെ കൊണ്ട് നിറയുകയും ചെയ്തു. സവര്‍ണ്ണമേധാവിത്വ പുരുഷമേധാവിത്വ ചിന്തകള്‍ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഈ സംഭവം.
                                            ഇങ്ങു അവസാനമായി ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ചു, കേരള വര്‍മ കോളേജ് നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ബീഫ് ഫെസ്ടിവലിനെ അനുകൂലിച്ചും പ്രസ്താവന ഇട്ട ദീപ ടീച്ചറിനെ മാനേജ്മെന്റ് അധികൃതര്‍ നീകം ചെയ്യുമെന്നായപ്പോള്‍ സമൂഹ മാധ്യമം ഒന്നടങ്കം അവരുടെ ഒപ്പം നിന്നു.
                                       മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ മുഴുവനും സ്ത്രീസമൂഹം നവമാധ്യമങ്ങളെ തങ്ങളുടെ അഭിപ്രായങ്ങളും,കാഴ്ചപാടുകളും,ഉന്നമനത്തിനും വേണ്ടി തികച്ചും പ്രശംസാഹര്‍ഹാമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് കാണാന്‍ സാധിക്കും. സമൂഹ മാധ്യമങ്ങളില്‍ മാത്രമാകാതെ സംഘടിത തൊഴിലാളി വര്‍ഗ്ഗ സമരങ്ങളിലും സ്ത്രീകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് എന്ന് സീമാസ്,കല്യാണ്‍,മൂന്നാര്‍ സമരങ്ങളും തെളിയിക്കുന്നുണ്ട്.
                         സമൂഹം ഇതുവരെ സ്ത്രീകള്‍ക്ക് നിഷിദ്ധമായി കരുതിയതൊക്കെ പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണെന്നു അവര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിനും,എഴുത്തിനും,ന്യായമായ ആവശ്യങ്ങള്‍ക്കും തടയിടുന്ന പ്രവര്‍ത്തികളെ ചോദ്യം ചെയ്തുകൊണ്ടാണ് നവ സ്ത്രീ സമൂഹം വളര്‍ന്നു വരുന്നത്. മതം സ്ത്രീകളെ മാറ്റിനിര്‍ത്തിയെങ്കില്‍ അത് എന്ത് കൊണ്ട് എന്നതിനുള്ള ചോദ്യവും മറുപടിയായി പ്രതിഷേധങ്ങളും രൂപം പ്രാപിക്കുന്നുണ്ട്. തൊഴിലാളി മേഖലയില്‍ തുല്യതയെ പിന്താങ്ങുന്ന ലിഖിതനിയമങ്ങള്‍ ഉണ്ടായിട്ടുകൂടിയും അവ കടലാസുകളില്‍ ഒതുങ്ങിപോവുകയാണ് പതിവ്. ഈ പതിവ് രീതികളെ ചോദ്യം ചെയ്തു കൊണ്ടാണ് സമരങ്ങളില്‍ സ്ത്രീ ഇടപെടലുകള്‍ ഉണ്ടാകുന്നത്. സ്ത്രീശാക്തീകരണ ചിന്തങ്ങള്‍ വളര്‍ന്നു പന്തലിച്ചിട്ടും നമ്മുടെ രാജ്യത്ത് വലിയ തോതില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ അതിനു സാധിച്ചില്ല എന്നുണ്ടെങ്കില്‍ ജനങ്ങള്‍ മതങ്ങളുടെ മതിലുകള്‍ക്കപ്പുറതേക്ക് ചിന്തിച്ചു തുടങ്ങിയിട്ടില്ല എന്ന് തന്നെ പറയേണ്ടിരിയിക്കുന്നു.
സ്വന്തമായ അഭിപ്രായങ്ങളും,ചിന്തകളും,അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെല്‍പ്പുള്ള സ്ത്രീകളെ അഹങ്കാരി എന്ന് മുദ്രകുത്താന്‍ സമൂഹത്തിനു വളരെയെളുപ്പമാണ്.പക്ഷെ സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ പരിധിയളക്കാന്‍ കഴിയുന്ന ഒരുവള്‍ക്ക് മാത്രമാണ് സമൂഹം തന്നിലേല്‍പ്പിച്ചിരിക്കുന്ന “അരുത്” കളുടെ അളവളക്കാന്‍ സാധിക്കുന്നത്. പുതിയതായി രൂപം കൊണ്ട സ്ത്രീ സമരങ്ങളില്‍ പുരുഷന്മാരുടെ അഭിനന്ദാതാര്‍ഹമായ പിന്തുണയും ഉണ്ടായിരുന്നു എന്നത് ആവേശം പകരുന്നതാണ്.
                                  സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയൊരു വേദി തന്നെയാണ് തുറന്നു കിട്ടുന്നത്. അവര്‍ക്ക്,അവരുടെ ചിന്തകളെ അഭിപ്രായങ്ങളെ തുറന്നു സംവദിക്കാന്‍ കഴിയുന്നു. സ്ത്രീകളെ ഒഴിവാക്കപ്പെടുന്ന ഇടങ്ങളിലും പ്രശ്നങ്ങളിലും കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്ക് കഴിയുന്നു. പുതിയതായി രൂപം പ്രാപിച്ച ഈ നവ സ്ത്രീ പ്രസ്ഥാനങ്ങള്‍ അവരുടെ സ്വാതന്ത്ര്യബോധത്തെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കും. വളര്‍ന്നു വരുന്ന സ്ത്രീകള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതെ ജീവിക്കാന്‍ ഈ സമരങ്ങള്‍ ഉതകുമെന്ന് യാതൊരു സംശയവുമില്ല. ഇനിയും സ്ത്രീകള്‍ക്ക് നേരെയുതിരുന്ന അതിക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരട്ടെ. പക്ഷെ സമൂഹ മാധ്യമങ്ങളില്‍ മാത്രമൊതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കൂടി അത് വഴി വെയ്ക്കണമെന്ന് മാത്രം. 

No comments:

Post a Comment

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.

  ആഗ്നസ് മറിയ ആന്റണി  agnusmaria007@gmail.com അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാ...