Sunday, 25 October 2015

ഇഷ്ടവും സമൂഹവും : ചില ചിന്തകൾ



                                                                                                  റോണി സെബാസ്റ്റ്യൻ
                        

                                                       

                                   ഇഷ്ട്ടം, സ്നേഹം അല്ലെങ്കിൽ വെറുപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും ചിന്തകൾ പങ്കുവെയ്ക്കുവാനാണ് ഞാനിതെഴുതുന്നത്. ഇതൊരു പുതിയ വിഷയമല്ല എന്നതുകൊണ്ട് തന്നെ കേട്ടു തഴമ്പിച്ച ഇഷ്ട്ടത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ വൈകാരിക തലത്തിലേക്ക് ഞാൻ കടക്കുന്നില്ല. മറിച്ച് ഇഷ്ട്ടത്തിന്റെ, വെറുപ്പിന്റെ സാമൂഹിക രാഷ്ട്രീയ വശങ്ങളെക്കുറിച്ചുള്ള ഏതാനും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക മാത്രമാണെന്റെ ഉദേശ്യം.

ഞാൻ ചില ചോദ്യങ്ങളോടെ തുടങ്ങട്ടെ. ഈ ഇഷ്ട്ടവും ഇഷ്ട്ടക്കേടും. അല്ലെങ്കിൽ സ്നേഹവും വെറുപ്പും നമ്മുടെ നിയന്ത്രണത്തിലുള്ള സങ്കതികളാണോ ? അതായത് ഒരു പാട്ട് കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു വ്യക്തിയുമായി ഇടപഴകുമ്പോൾ നമ്മളിൽ രൂപപ്പെടുന്ന ഇഷ്ട്ടത്തിന് / വെറുപ്പിന് നമ്മുടെ മേൽ എന്ത് നിയന്ത്രണമാണ് ഉള്ളത് ? ഇഷ്ട്ടപ്പെടുക എന്ന പ്രക്രിയ നമ്മളറിയാതെ സംഭവിക്കുന്നതല്ലേ ? ഉദാഹരണത്തിന് ഒരിക്കൽ ഇഷ്ട്ടപെട്ടു കഴിഞ്ഞ ഒരു പാട്ടിനെ ഇനിമുതൽ വെറുത്തുകളയാം എന്നു തീരുമാനിക്കാൻ ആരെക്കൊണ്ടെങ്കിലും സാധിക്കുമോ ? വ്യക്തികളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെ. അറിയാതെ ഇഷ്ട്ടപ്പെട്ടു പോയി മറക്കാൻ പറ്റുന്നില്ല എന്നൊക്കെ ആളുകൾ സാധാരണ പറയാറില്ലേ. സത്യത്തിൽ എല്ലാ ഇഷ്ട്ടാനിഷ്ട്ടങ്ങളും അറിയാതെ സംഭവിക്കുന്നവ തന്നെയാണ്. ഇനിമുതൽ ഞാനി ഭക്ഷണം ഇഷ്ട്ടപ്പെടും, ഇന്ന വ്യക്തിയെ സ്നേഹിക്കും, ഈ പുസ്തകത്തെ വെറുക്കും എന്നൊക്കെ ആർക്കു ചിന്തിക്കാൻ പറ്റും. അതൊരുതരത്തിലും വ്യക്തികളുടെ ബോധപൂർവമായ തീരുമാനങ്ങളെ ആശ്രയിച്ചു നിൽക്കുന്നവയല്ല. അതായത് ഒരാളെ കാണുമ്പോൾ അല്ലെങ്കിൽ ഒരു പാട്ട് കേൾക്കുമ്പോൾ നമ്മളിലുദിക്കുന്ന ഇഷ്ട്ടം/ വെറുപ്പ്‌ നമ്മുടെ നിയന്ത്രണത്തിലല്ല. അത് താനേ രൂപപ്പെടുകയാണ്.

                                                                                 ഇനി മറ്റൊരു കാര്യം. ഇഷ്ട്ടാനിഷ്ട്ടങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലാ എന്നിരിക്കെ, എങ്ങനെ ഒരാൾക്ക്‌ താൻ തനിക്കിഷ്ട്ടമുള്ളത് ചെയ്യുമെന്നും അത് പൂർണ്ണമായും സ്വന്തം തീരുമാനപ്രകാരം നടക്കുമെന്നും പറയുവാൻ അല്ലെങ്കിൽ അവകാശപ്പെടുവാൻ സാധിക്കും. ഇവിടെ സ്വന്തം ഇഷ്ട്ടം എന്ന് പറയുന്നതിൽ തന്നെ ഒരു പിശകുണ്ട്. കാരണം അങ്ങനെ ഒരിഷ്ട്ടമില്ല. നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ നിർണയിക്കപ്പെടുന്നത് നമ്മളാലല്ല എന്നതുകൊണ്ട്തന്നെ സ്വന്തം തീരുമാനം, സ്വന്തം ഇഷ്ട്ടം എന്നൊക്കെ പറയുന്നത് അതിന്റെ പൂർണ അർത്ഥത്തിൽ ശരിയല്ല. ഒരാളും പൂർണമായും സ്വതന്ത്രരല്ല എന്ന അടിസ്ഥാന സത്യം അത് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. നമ്മൾ സ്വന്തമെന്നു കരുതുന്ന നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ പോലും പലവിധ ഘടകങ്ങളുടെ, കാരണങ്ങളുടെ, സാഹചര്യങ്ങളുടെ സമ്മിശ്ര നിർമിതിയാണ്. അതിൽ ഒരു വ്യക്തി എന്ന നിലയിൽ കാര്യമായ നിയന്ത്രണമൊന്നും നമുക്കില്ല തന്നെ. 

                                                തന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങളുടെ ഭാഹ്യ ഇടപെടലുകളെക്കുറിച്ച് ബോധ്യമുള്ള വ്യക്തികൾ ആ ഇഷ്ട്ടങ്ങൾ രൂപപ്പെടുവാനുണ്ടായ സാഹചര്യവും കാരണങ്ങളും വിശകലനം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. താൻ ഇപ്രകാരം എന്തുകൊണ്ട് ചിന്തിക്കുന്നു? താൻ എന്തുകൊണ്ട് ഈ മതത്തെ ഇഷ്ട്ടപ്പെടുന്നു മറ്റുള്ളവയെ വെറുക്കുന്നു? ഈ വ്യക്തി എന്നിൽ സ്വാധീനം ചെലുത്തുവാനുള്ള കാരണമെന്താണ്? എന്തിനാലാണ് ഈ ഒരു കൂട്ടം ആളുകളെ താൻ വെറുക്കുന്നത് തുടങ്ങി ചോദ്യങ്ങൾ സ്വയം ചോദിക്കണം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുകയല്ല, മറിച്ച്‌ ഒരു വ്യക്തി എന്ന നിലയിൽ താനായിരിക്കുന്ന അവസ്ഥയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയാണ് ഈ അന്വേഷണം കൊണ്ട് ഉദേശിക്കുന്നത്. യുക്തിപരമായി ബന്ധങ്ങളെ വിശകലനം ചെയ്യുവാനും അന്ധമായ ആരാധനയിൽ നിന്നും അല്ലെങ്കിൽ തീവ്രമായ വെറുപ്പിൽ നിന്നും മുക്തി നേടുവാനും ഇത് സഹായകരമാണ്. 

                                                                                                                    ചുരുക്കത്തിൽ മനുഷ്യൻ അവന്റെ സാഹചര്യങ്ങളുടെ സൃഷ്ട്ടിയാണെന്ന പരമ സത്യം നാം അംഗീകരിക്കണം. എന്നാൽ പലരും അത്ര എളുപ്പത്തിൽ അതംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. ഒരു നാഗാലാന്റ് സ്വതേശിയുടെ ഭക്ഷണ പാത്രത്തിലേക്ക് അവഞ്ഞയോടെ നോക്കുന്ന ഒരു മലയാളിയെ ഉദ്ദാഹരണമായി എടുക്കാം. ഇദ്ദേഹത്തിന്റെ ധാരണ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ രീതി തന്റെതാണ് എന്നാണ്. ചോറിനോടും തേങ്ങയോടുമുള്ള തന്റെ ഇഷ്ട്ടം തന്റെ കൂടെപ്പിറപ്പാണെന്നും അതുകൊണ്ടുതന്നെ ലോകത്തെവിടെ പോയാലും അവയില്ലാതെ തനിക്കു ജീവിതമില്ലായെന്നും അയാൾ കരുതുന്നു. ഇതേ വ്യക്തിയാണ് നിങ്ങൾ എന്താ പട്ടിയെ തിന്നുന്നത്?, നിങ്ങൾ പുഴുവിനെയും തിന്നുമോ? നിങ്ങൾക്ക് വേറൊന്നും തിന്നാനില്ലേ എന്നൊക്കെ ഒരു അന്യനാട്ടുകാരനോട് ചോദിക്കുന്നത്. സ്വന്തം ഇഷ്ട്ടാനിഷ്ട്ടങ്ങൾ ഏതുവിധം രൂപപ്പെട്ടുവെന്നും അതേ പ്രക്രിയയിലൂടെ മറ്റൊരു സാഹചര്യത്തിൽ മറ്റൊരാളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ ഏതുവിധം നിർണയിക്കപ്പെടുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവാനിടയില്ല.

                                ഇഷ്ട്ടാനിഷ്ട്ടങ്ങളെ നിർണയിക്കുന്നതിൽ സമൂഹത്തിനും സാമൂഹികവൽക്കരണ പ്രക്രിയക്കുമുള്ള പങ്ക് ഇവിടെ തിരിച്ചറിയപ്പെടാതെ പോകുന്നു. മുൻവിധി, അഹങ്കാരം, സ്വജനപക്ഷപാതം, പരിഹാസം തുടങ്ങിയവയൊക്കെ ഈ അറിവില്ലായ്മയുടെ ഉൽപ്പന്നങ്ങളാണ്. എന്റെ ഇഷ്ട്ടങ്ങൾ എനിക്കു വിലപ്പെട്ടതാണ്‌ എന്നതുപോലെ വിലപ്പെട്ടതാണ്‌ മറ്റുള്ളവർക്ക് അവരുടെ ഇഷ്ട്ടങ്ങൾ എന്ന തിരിച്ചറിവ് നിസ്സാരമെന്നു തോന്നുമെങ്കിലും പലർക്കും അക്ഞ്ഞാതമാണ്. മറ്റൊരു ദേശത്തിന്റെ, മതത്തിന്റെ  വസ്ത്ര ധാരണ രീതിയെ പരിഹസിക്കുമ്പോൾ, സാംസ്ക്കാരിക രീതികളെ, ഭക്ഷണവിഭവങ്ങളെയൊക്കെ പരിഹസിക്കുമ്പോൾ വെളിപ്പെടുന്നത് ഈ അറിവിന്റെ അഭാവം തന്നെയാണ്.

                                                    നമ്മളിൽ ഭൂരിപക്ഷവും ഒരു മതത്തിന്റെ ഭാഗമായത് നമ്മുടെ മാതാപിതാക്കൾ അത് പിന്തുടരുന്നവരായതുകൊണ്ടാണ്. നമ്മൾ തേങ്ങ ഇഷ്ട്ടപ്പെടുന്നത് അത് ധാരാളമായി വളരുന്ന ഒരു ഭൂപ്രകൃതിയിൽ ജനിച്ചുവളർന്നതുകൊണ്ടാണ്‌. വിവാഹത്തിനു മുൻപു കാമിക്കുന്നതു പാപമാണെന്ന് നാം കരുതുന്നത് സാമൂഹിക വൽക്കരണ പ്രക്രിയയുടെ ഭാഗമായി നാം സ്വാംശീകരിച്ച സമൂഹത്തിന്റെ സദാചാര മൂല്ല്യങ്ങൾ മൂലമാണ്. എന്നാൽ നമ്മളിലെത്രപേർ ഇതു തുറന്നു സമ്മതിക്കും ? "ഞാനീ മതത്തിൽ ജനിച്ചാലുമില്ലെങ്കിലും ഇതുഞാൻ സ്വമേതയാ സ്വീകരിക്കുമായിരുന്നു" എന്നു പറയുന്ന സുഹൃത്തുക്കൾ എനിക്കു തന്നെ ഉണ്ട്. താൻ പ്രവർത്തിക്കുന്നത് സ്വന്തം പ്രേരണയുടെ ഫലമായാണെന്നും സമൂഹത്തിനും മതത്തിനും തന്നിൽ സ്വധീനമൊന്നുമില്ലെന്നും അവകാശപ്പെടുന്നവരെയും കണ്ടിട്ടുണ്ട്.ഇനി താൻ ഒരു മണിപൂരിയായി ജനിച്ചിരുന്നെങ്കിലും തേങ്ങാചമ്മന്തി തിന്നാൻ കേരളത്തിലേക്ക് താമസം മാറിയേനെ എന്നതരത്തിൽ സംസാരിക്കുന്ന കൂട്ടരുമുണ്ട്. തങ്ങൾ ആയിരിക്കുന്ന അവസ്തയോടുള്ള, സാഹചര്യത്തോടുള്ള അമിതാഭിനിവേശമാണ് ഇക്കൂട്ടരെ ഈ വിധത്തിലുള്ള അന്ധമായ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നത്. താൻ എന്തുകൊണ്ട് ഈ വിധത്തിൽ രൂപപ്പെട്ടു എന്നൊരു ചിന്ത ഒരിക്കൽ പോലും ഇവരിൽ രൂപപ്പെട്ടിരിക്കാൻ സാദ്യത ഇല്ല.

ഇനി നമ്മുടെ രാജ്യത്ത് ചൂടുപിടിച്ചിരിക്കുന്ന ചില വിഷയങ്ങളുമായി ഇതിനെയൊന്നു ബന്ധപ്പെടുത്താം. അപരന്റെ ഇഷ്ട്ടങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാൻ സാധിക്കാത്തതുമൂലമല്ലേ ഒരർത്ഥത്തിൽ നാമിന്നു നേരിടുന്ന വർഗീയ കലാപങ്ങളും ബീഫിന്റെയും മറ്റും ഉപയോഗവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങളും. തനിക്കിഷ്ട്ടമുള്ളത് താനും അപരനിഷ്ട്ടമുള്ളത് അവനും കഴിച്ചുകൊള്ളട്ടെയെന്നു വിചാരിച്ചാൽ തന്നെ തീരുന്നതല്ലേ ഈ പ്രശ്നങ്ങൾ. മനുഷ്യന്റെ ഇഷാനിഷ്ട്ടങ്ങളെ മുൻനിർത്തി എത്ര സമൃദ്ധമായാണ് രാഷ്ട്രീട പാർടികൾ അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നതെന്ന് നോക്കുക. ഇഷ്ട്ടാനിഷ്ട്ടങ്ങളുടെ രാഷ്ട്രീയം എന്നിതിനെ വിളിക്കാം എന്നെനിക്കു തോന്നുന്നു. ഒരാൾ എന്തിഷ്ട്ടപ്പെടണം എന്തിഷ്ട്ടപ്പെടരുതെന്നു ഭരിക്കുന്ന സർക്കാർ നിശ്ചയിക്കുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ. ഇഷ്ട്ടമുള്ളത് എഴുതാൻ പറ്റാത്ത സാഹചര്യം (പെരുമാൾ മുരുകനു തന്നിലെ എഴുത്തുകാരൻ മരിച്ചു എന്ന് പറയേണ്ടി വന്നത് ഈ സാഹചര്യങ്ങളുടെ ഫലമായിട്ടാണ്). ഇഷ്ട്ടമുല്ലതു കാണാനും ആസ്വതിക്കാനും പറ്റാത്ത സാഹചര്യം (നൂറുകണക്കിന് പോണ്‍ സൈറ്റുകളെ സർക്കാർ അടുത്ത കാലത്താണ് ഇന്ത്യയിൽ നിരോധിച്ചത്). ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ (ബീഫിന്റെ നിരോധനം) എന്നിങ്ങനെ ഇഷ്ട്ടങ്ങളെ തുടർച്ചയായി വിവിധ മേഖലകളിൽ നിയന്ത്രിക്കുന്ന അപകടകരമായ സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേർന്നിരിക്കുന്നു. തനിക്കു തന്റെ മതവും വിശ്വാസവും എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെയാണ് അപരനു അവന്റെതും എന്ന് പൊതുജനങ്ങൾ മനസ്സിലാക്കുന്നതായി കാണുന്നില്ല. അതിനർത്ഥം അവരെ ഈ തിരിച്ചറിവിൽ നിന്ന് എന്തോ തടയുന്നു എന്നാണ്. ഇവിടെയാണ്‌ വിഷയത്തിനു രാഷ്ട്രീയ മാനം കൈവരുന്നത്. അപരന്റെ ഇഷാനിഷ്ട്ടങ്ങളെ മനസ്സിലാക്കുന്നതിൽ നിന്നും ബഹുമാനിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ വിലക്കുന്നതിൽ വർഗീയ തത്വശാസ്ത്രം പേറുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ട്. സ്വന്തം സാംസ്കാരിക മഹിമയെ വാഴ്ത്തുകയും അപരന്റെ സംസ്ക്കാരത്തെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ പൊതുസമൂഹത്തിൽ വിഭജനത്തിന്റെ വിത്തു വിതയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. തങ്ങളുടെ സംസ്കാരമാണ് ഏറ്റവും മഹനീയമെന്നും വിമർശിക്കുവാൻ തക്ക അതിലൊന്നുമില്ലെന്നുമുള്ള ഒരു തെറ്റുധാരണ പൊതുജനത്തിന് കൈവരുന്നു. കൂടാതെ അപരന്റെ വിശ്വാസങ്ങൾ തെറ്റാണെന്നും അവരുടെ സംസ്ക്കാരം നശിപ്പിക്കപെടെണ്ടതാണെന്നും അവർ ചിന്തിച്ചു തുടങ്ങുന്നു. ഇത്തരം സാഹചര്യങ്ങൾ പിന്നീട് കൂട്ട കുരുതിയിലേക്കും സമൂലനാശത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വിമർശനങ്ങളെ പ്രോൽസാഹിപ്പിക്കാത്ത, വ്യക്തിഗത സ്വാതന്ത്ര്യങ്ങൾക്കു വിലകൽപ്പിക്കാത്ത ഒരു സമൂഹത്തിനും സമാധാനത്തെ സ്വപ്നം കാണാൻ സാധിക്കില്ല.

                                                                           ഇഷ്ട്ടവും അനിഷ്ട്ടവും, സ്നേഹവും വെറുപ്പും നിസ്സാരമായ വിഷയങ്ങളായി തോന്നുമെങ്കിലും അതങ്ങനെയല്ലാ എന്ന് ഓർമിക്കുന്നത്‌ നല്ലതാണ്. കാരണം സ്വന്തം ഇഷ്ട്ടങ്ങളെ പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകൾ കൊലചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. ഒരു പുരുഷന് മറ്റൊരു പുരുഷനെയോ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെയോ പ്രണയിച്ചു കൂടായെന്നു നമ്മുടെ രാജ്യത്തെ നിയമം നമ്മളോട് പറയുമ്പോൾ, ഇഷ്ട്ടങ്ങളെ എങ്ങനെ നിസ്സാരവൽക്കരിക്കാൻ സാധിക്കും. പരസ്പ്പരം ഇഷ്ട്ടപെട്ടു എന്ന തെറ്റിനു യുവതീ യുവാക്കൾ ഒരു ഗ്രാമം മുഴുവൻ നോക്കി നിൽക്കേ കൊലചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ  സ്നേഹത്തെ വ്യക്തിപരമായ ഒരനുഭൂതിയായി മാത്രം നമുക്ക് എങ്ങനെ കണക്കാക്കുവാൻ സാധിക്കും. ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കുവാനോ ഇഷ്ട്ടമുള്ളതുവരെ പഠിക്കുവാനോ അനുവാദമില്ലാത്ത വലിയൊരു വിഭാഗം സ്ത്രീകളുള്ള ഒരു സമൂഹത്തിൽ 'ഇഷ്ട്ടം' രാഷ്ട്രീയ സാമൂഹിക മാനങ്ങളുള്ള ഗഹനമായ വിഷയം തന്നെയാണ്. രാഷ്ട്രീയവും മതവും ചരിത്രവും സദാചാര ബോധവുമെല്ലാം കൂടി കലർന്ന് ഇഷ്ട്ടം അനിഷ്ട്ടകരമാായ ഒരു വിഷയമായി മാറിയോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തിൽ ഒരു കാലത്തും അത്ര നിസ്സാരമായ ഒരു പ്രതിഭാസമായിരുന്നില്ല. സ്നേഹത്തിനും ഇഷ്ടങ്ങൾക്കും വേണ്ടി മനുഷ്യൻ ചിലവഴിച്ച ഊർജത്തിന്, താണ്ടിയ ദൂരത്തിന് സമാനതകളില്ല. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന കാരണമാണ് സ്നേഹം. അർത്ഥ ശൂന്യമായ ജീവിതത്തിന്റെ പ്രത്യാശയാണ് സ്നേഹം. മനുഷ്യനു ഇനിയും പിടികിട്ടിയിട്ടില്ലാത്ത അവന്റെ അസ്തിത്വത്തിന്റെ നിഗൂഡതയാണ് സ്നേഹം. അതിനെ കണ്ടെത്താനുള്ള ഒടുങ്ങാത്ത അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

(പോണ്ടിച്ചേരി  സർവ്വകലാശാലയിൽ  എം. എ  സോഷിയോളജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

5 comments:

പ്രിയ തൊഴിലന്വേഷകരുടെ അറിവിലേക്കായി.

  ആഗ്നസ് മറിയ ആന്റണി  agnusmaria007@gmail.com അങ്ങനെ ഒരു പട്ടിണിക്കാലത്ത് നമ്മടെ സർക്കാര് കുറേ ആനുകൂല്യങ്ങൾക്ക് ഉത്തരവിറക്കി. സർക്കാര് വക കാ...